ഇന്നത്തെ സിനിമകള്‍ മാനസികാരോഗ്യം തകര്‍ക്കുന്നത്; അറിവില്ലാത്തവര്‍ സംവിധാനം ചെയ്യുന്നതാണ് കുഴപ്പം: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
ഇന്നത്തെ സിനിമകള്‍ മനുഷ്യരുടെ മാനസികാരോഗ്യം തകര്‍ക്കുന്നതാണെന്ന് ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍. ഇന്നത്തെ സിനിമകള്‍ കാണണമെന്ന് പറയനാകില്ലെന്നും കാണരുതേ എന്നാണ് പറയാന്‍ കഴിയുക എന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രിക ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സംവിധായകര്‍ക്ക് ലക്ഷ്യബോധമോ അര്‍പ്പിത മനസ്സോ ഇല്ലായെന്നും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
‘ ഇന്ന് ഇറങ്ങുന്ന സിനിമകള്‍ മാനിസിക ആരോഗ്യം തകര്‍ക്കുന്നതാണ്. ഇന്നത്തെ സിനിമകള്‍ കാണണമെന്ന് പറയനാകില്ല. കാണരുതെന്നേ പറയാനാകൂ. അറിയാത്തവര്‍ സംവിധാനം ചെയ്യുന്നതാണ് ഇതിന് കാരണം. പുതിയ സംവിധായകര്‍ക്ക് ലക്ഷ്യബോധമോ അര്‍പ്പിത മനസ്സോ ഇല്ല. പരിചയിച്ചിട്ട് ചെയ്യൂ എന്നാണ് അത്തരക്കാരോട് പറയുന്നത്.
ഒരു ചായക്കട തുടങ്ങുന്നതിന് പരിചയമുള്ള ചായ അടിക്കാരനെ തേടും. എന്നാല്‍ കോടിക്കണക്കിന് മുതല്‍മുടക്കുള്ള സിനിമ സംവിധാനം ചെയ്യാന്‍ പരിചയമില്ലാത്തവരെ ഏല്‍പിക്കും. അങ്ങനെ ഏല്‍പ്പിക്കുന്നവരെയാണ് തല്ലേണ്ടത്. ഇന്ന് സംവിധായകരാണ് നിര്‍മാതാക്കളെ ഉണ്ടാക്കുന്നത്,’ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പഴയ സംവിധായകരെല്ലാം ആറോ ഏഴോ സംവിധായകര്‍ക്കൊപ്പം അസിസ്റ്റ് ചെയ്തതിന് ശേഷം മാത്രമായിരുന്നു സിനിമയെടുത്തിയരുന്നത് എന്നും മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ചന്ദ്രികക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘ നാല് പേര്‍ സംസാരിച്ച് ബോറടിക്കുമ്പോള്‍ എന്നാല്‍ ചായകുടിക്കാം എന്ന പറയുന്നത് പോലെയാണ് ഇന്നത്തെ സിനിമയെടുക്കല്‍. ഞാന്‍ സംവിധാനം നീ രചന മറ്റവന്‍ എഡിറ്റിങ് എന്ന രീതിയിലാണ് ഇന്നത്തെ സിനിമ വ്യവസായം. പഴയ സംവിധായകരെല്ലാം ആറോ ഏഴോ സംവിധായകര്‍ക്കൊപ്പം അസിസ്റ്റ് ചെയ്തതിന് ശേഷമാണ് സിനിമയെടുത്തിരുന്നത്. പഠിച്ചിട്ട് വേണം സിനിമ ചെയ്യാന്‍. ഇന്നതാണോ സ്ഥിതി?,’ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ചോദിച്ചു.
content highlights; Lyricist Mankomp Gopalakrishnan on new movies