പണ്ടത്തേതുപോലെ ഇപ്പോഴത്തെ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്നും ഗാനരചയിതാവ് ബിച്ചു തിരുമല.
പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം കൊടുക്കുന്നതെന്നും വരികള്‍ ആര്‍ക്കുവേണമെങ്കിലും എഴുതാമെന്നതാണ് സ്ഥിതിയെന്നും കാവ്യഗുണമൊന്നും ആരും നോക്കുന്നില്ലെന്നും ബിച്ചു തിരുമല ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തുവെയ്ക്കുന്നതിലല്ല കാര്യം. ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നത്. പാട്ടെഴുതുമ്പോള്‍ വാക്കുകളുടെ അര്‍ഥവും ആശയവും സിനിമയുടെ കഥാഘടനയും സന്ദര്‍ഭവും അറിഞ്ഞിരിക്കണം. ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള്‍ എഴുതുന്നതെന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണം, ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം അറിഞ്ഞിരിക്കണം. അതൊക്കെ മനസ്സിലാക്കി എഴുതുന്ന പാട്ടുകള്‍ നിലനില്‍ക്കും.
പണ്ടൊക്കെ സിനിമയില്‍ കഥ പോലെ പ്രധാനമായിരുന്നു പാട്ടുകളും, എല്ലാ സിനിമയിലും എട്ടും പത്തും പാട്ടുകള്‍ ഉണ്ടാകുമായിരുന്നു. പാട്ട് കാണാന്‍ വേണ്ടി മാത്രം ആളുകള്‍ സിനിമയ്ക്ക് കയറിയിരുന്നു. അങ്ങനെ പാട്ടിന്റെ ഗുണം കൊണ്ടു മാത്രം വിജയിച്ച പടങ്ങളുണ്ടായിരുന്നു.
എനിക്ക് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയ ‘തേനും വയമ്പും’ എന്ന സിനിമയൊന്നും വലിയ വിജയമായിരുന്നില്ല. പക്ഷേ, ആ സിനിമയിലെ ‘ഒറ്റക്കമ്പി നാദം’, ‘തേനും വയമ്പും’ പോലുള്ള പാട്ടുകള്‍ ഇപ്പോഴും ആള്‍ക്കാര്‍ ആവര്‍ത്തിച്ചുകേള്‍ക്കുന്ന പാട്ടുകളാണ്.
ഇപ്പോഴത്തെ സിനിമകളില്‍ ആകെ നാലു പാട്ട് ഉണ്ടെങ്കില്‍ നാലുപേരായിരിക്കും എഴുതുന്നത്. അങ്ങനെ മൂന്നും നാലും പേര്‍ക്കൊപ്പം പാട്ടെഴുതാന്‍ താത്പര്യമില്ല. പുതുതായി തേടിവരുന്ന പല സിനിമകളും ഇങ്ങനെ ഒഴിവാക്കേണ്ടിവരുന്നുണ്ട്. എഴുതുകയാണെങ്കില്‍ എല്ലാ പാട്ടും ഞാന്‍ തന്നെ എഴുതും, ബിച്ചു തിരുമല പറഞ്ഞു.
കേരളീയത നിറഞ്ഞുനില്‍ക്കുന്നതായിരുന്നു പണ്ടത്തെ പാട്ടുകളെന്നും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളിലൊക്കെയാണ് കേരളീയത ഒടുവിലായി കാണാന്‍ കഴിയുന്നതെന്നും ബിച്ചു തിരുമല പറയുന്നു. വയലാറൊക്കെ എഴുതിയിരുന്നപ്പോഴായിരുന്നു മലയാളിയെയും കേരളീയതയെയും ഏറ്റവും നന്നായി പാട്ടുകളില്‍ ആവിഷ്‌കരിച്ചിരുന്നത്. മലയാളികളുടെ ജീവിതത്തില്‍ വന്ന മാറ്റമായിരിക്കാം പാട്ടുകളിലും സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാട്ടെഴുതാന്‍ അവസരം ചോദിച്ചു ചെന്നിട്ടില്ല. അവാര്‍ഡുകള്‍ക്കു പിറകെയും പോയിട്ടില്ല. ജനങ്ങള്‍ എന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്നുണ്ട് എന്നതുതന്നെയാണ് വലിയ അംഗീകാരം. ഞാനെഴുതിയ ഏതെങ്കിലും പാട്ട് മൂളാത്ത ഒരുദിവസം പോലും മലയാളിക്കുണ്ടാകില്ല. അത് വലിയ അംഗീകാരമല്ലേ. അതു മതി. നമ്മള്‍ കര്‍മ്മത്തില്‍ മാത്രം ശ്രദ്ധിക്കുക. ബാക്കിയെല്ലാം തേടിവരും. അതിലാണ് ഞാന്‍ അന്നുമിന്നും വിശ്വസിക്കുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ചതും അതു തന്നെയാണ്, ബിച്ചു തിരുമല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: Lyricist Bichu Thirumala About New Malayalam Movie Songs