മലയാള സിനിമാ ഗാനരചനാരംഗത്ത് ഒരുകാലത്ത് ഒഴിച്ചുനിര്‍ത്താനാവാത്ത സാന്നിധ്യമായിരുന്നു ബിച്ചുതിരുമല. നൂറ് കണക്കിന് ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങള്‍ അക്കാലത്ത് ബിച്ചു തിരുമലയുടെ തൂലികത്തുമ്പില്‍ നിന്നും പിറന്നുവീണു.
1970ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലെ മുന്‍നിര ഗാനരചയിതാക്കളിലൊരാളായി തുടര്‍ന്ന ബിച്ചു തിരുമല പാട്ടെഴുത്തിന്റെ അന്‍പതാണ്ട് പൂര്‍ത്തിയാക്കിയിരക്കുകയാണ്.
എന്നാല്‍ തിരക്കൊഴിയാതിരുന്ന കാലത്തില്‍ നിന്നും ഇന്ന് കാര്യങ്ങള്‍ ആകെ മാറി. പഴയതുപോലുള്ള അവസരങ്ങള്‍ ഇന്നില്ലെന്നും എന്നാല്‍ ഒരു കാലത്തും താന്‍ അവസരം ചോദിച്ച് അങ്ങോട്ട് ചെന്നിട്ടില്ലെന്നും ബിച്ചു തിരുമല ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ സിനിമയില്‍ ഇപ്പോള്‍ അവസരം കുറഞ്ഞു എന്നത് വാസ്തവമാണ്. പക്ഷേ ഒരുകാലത്തും അവസരം ചോദിച്ച് ചെന്നിട്ടില്ല. എല്ലാം തേടിവന്നതാണ്. ഇപ്പോള്‍ പഴയതുപോലെ പാട്ടെഴുതാന്‍ ആരും വിളിക്കുന്നില്ല. വിളിച്ചാല്‍ എഴുതാന്‍ തയ്യാറാണ്. അങ്ങോട്ടു ചോദിച്ചു ചെല്ലില്ല.
ഭക്തിഗാനങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കുമായി ഒരുപാടുപേര്‍ വിളിക്കാറുണ്ട്. വിളിക്കുന്നവര്‍ക്ക് എഴുതിക്കൊടുക്കും. സിനിമയില്‍ നിന്ന് തീരെ വിളി ഇല്ലെന്നല്ല, എങ്കിലും കുറവാണ്. പഴയ ആളുകളുമായി ഇടപെടാനുള്ള മടികൊണ്ടാണോ മാറിയ ട്രെന്‍ഡുകള്‍ക്ക് നമ്മളെ വേണ്ടാഞ്ഞിട്ടാണോ എന്നറിയില്ല, പുതിയ സംഗീതസംവിധായകരും സിനിമാക്കാരും അങ്ങനെ വിളിക്കാറില്ല.
വിളിച്ചാല്‍ തന്നെ അവര്‍ക്ക് ഒറ്റപ്പാട്ട് മതിയായിരിക്കും. പ്രതിഫലത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അത്യാവശ്യം തരക്കേടില്ലാത്ത പ്ര തിഫലത്തിന് എഴുതിയിരുന്ന ഒരാളാണ് ഞാന്‍. അത് കിട്ടാതെ എഴുതുന്നതില്‍ കാര്യമില്ലല്ലോ.
പണ്ട് ഒരു സിനിമയിലെ എല്ലാ പാട്ടുകളും ഒരാള്‍ തന്നെയായിരുന്നു എഴുതിയിരുന്നത്. ഇപ്പോള്‍ ഒരു സിനിമയില്‍ മൂന്നും നാലും പേര്‍ ചേര്‍ന്നാണ് പാട്ടെഴുതുന്നത്. ആകെ നാലു പാട്ട് ഉണ്ടെങ്കില്‍ നാലുപേരായിരിക്കും എഴുതുന്നത്. അങ്ങനെ മൂന്നും നാലും പേര്‍ക്കൊപ്പം പാട്ടെഴുതാന്‍ താത്പര്യമില്ല. പുതുതായി തേടിവരുന്ന പല സിനിമകളും ഇങ്ങനെ ഒഴിവാക്കേണ്ടിവരുന്നുണ്ട്. എഴുതുകയാണെങ്കില്‍ എല്ലാ പാട്ടും ഞാന്‍ തന്നെ എഴുതും,’ ബിച്ചു തിരുമല പറയുന്നു.
പണ്ടത്തേതുപോലെ ഇപ്പോഴത്തെ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകള്‍ ഉണ്ടാകുന്നില്ലെന്നും ബിച്ചു തിരുമല പറയുന്നു. കേരളീയത നിറഞ്ഞുനില്‍ക്കുന്നതായിരുന്നു പണ്ടത്തെ പാട്ടുകള്‍. ശ്രീകുമാരന്‍ തമ്പിയുടെ പാട്ടുകളിലൊക്കെയാണ് കേരളീയത ഒടുവിലായി കാണാന്‍ കഴിയുന്നത്. വയലാറൊക്കെ എഴുതിയിരുന്നപ്പോഴായിരുന്നു മലയാളിയെയും കേരളീയതയെയും ഏറ്റവും നന്നായി പാട്ടുകളില്‍ ആവിഷ്‌കരിച്ചിരുന്നത്. മലയാളികളുടെ ജീവിതത്തില്‍ വന്ന മാറ്റമായിരിക്കാം പാട്ടുകളിലും സംഭവിച്ചത്,’ ബിച്ചു തിരുമല പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Lyricist Bichu Thirumala About his past life and career