| Saturday, 18th May 2019, 9:58 pm

'മുറിവേറ്റു വീഴുന്നു'; നാന്‍ പെറ്റ മകന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി- വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് കൊല ചെയ്യപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ ജീവിതകഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘മുറിവേറ്റു വീഴുന്നു’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണു പുറത്തുവിട്ടത്.

മുരുകന് കാട്ടാക്കടയുടെ വരികള്‍ക്കു ബിജിപാലാണു സംഗീതം നല്‍കിയിരിക്കുന്നത്. പാടിയിരിക്കുന്നത് പുഷ്പവതിയാണ്.

മകന്റെ മൃതദേഹം കണ്ടതോടെ അഭിമന്യുവിന്റെ അമ്മയുടെ അടങ്ങാത്ത വിതുമ്പലില്‍ നിന്നുതിര്‍ന്ന ‘നാന്‍ പെറ്റ മകനേ’ എന്ന വിളിയും ഈ ഗാനത്തിന്റെ വരികള്‍ക്കൊപ്പമുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്നത് സജി എം. പാലമേലാണ്. ‘101 ചോദ്യങ്ങള്‍ ഫെയിം മിനന്‍ ജോണാണ് അഭിമന്യുവായെത്തുന്നത്. റെഡ് സ്റ്റാര്‍ മൂവീസാണ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി അഭിനയിക്കുന്നത് സീമാ ജി. നായരാണ്. ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ജോയ് മാത്യു, സിദ്ധാര്‍ഥ് ശിവ, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

നേരത്തേ ചിത്രത്തിലെ ‘കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ’ എന്ന ഗാനം പുറത്തുവിട്ടിരുന്നു.

‘101 ചോദ്യങ്ങള്‍’ എന്ന സിനിമയിലൂടെ 2012-ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ വ്യക്തിയാണ് മിനന്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ധനമന്ത്രി തോമസ് ഐസക്കാണ്.

We use cookies to give you the best possible experience. Learn more