ലക്‌നൗ: ദാദ്രിയില്‍ ബീഫിന്റെ പേരില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ ബന്ധുക്കളുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായി. ഗൗതം ബുദ്ധ് നഗറിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നാണ് ഇവര്‍ പുറത്തായത്.
മാസങ്ങളായി ഈ കുടുംബം ബിസാര ഗ്രാമത്തില്‍ താമസിക്കുന്നില്ലെന്നും അതിനാലാണ് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നുമാണ് ഗൗതം ബുദ്ധ് നഗറിലെ ബ്ലോക്ക് ലെവല്‍ ഓഫീസര്‍ പറഞ്ഞത്.
അഖ്‌ലാഖിന്റെ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താണ്.
2015ലാണ് ദാദ്രിയില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ള നിരവധി പേര്‍ അറസ്റ്റിലായിരുന്നു.
ആള്‍ക്കൂട്ടം വീട്ടില്‍ കയറി അഖ്‌ലാഖിനെ വലിച്ച് താഴെ ഇറക്കുകയും തല്ലിക്കൊല്ലുകയുമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കേസിലെ മുഖ്യപ്രതി വിശാല്‍ സിങ് റാണയെ വേദിയുടെ മുന്‍നിരയിലിരുത്തി യോഗി ആദിത്യനാഥ് ഗോസംരക്ഷണത്തെ ന്യായീകരിച്ച് സംസാരിച്ചത് വിവാദമായിരുന്നു.
‘ആര്‍ക്കാണ് ബിസാരയില്‍ എന്തു സംഭവിച്ചു എന്ന് ഓര്‍മയില്ലാത്തത്. സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ അടക്കമുള്ളവര്‍ നമ്മുടെ വികാരത്തെ പിടിച്ചു കെട്ടാനാണ് ശ്രമിച്ചത്’- എന്നാണ് ബി.ജെ.പിയുടെ ഗൗതം ബുദ്ധ നഗര്‍ സ്ഥാനാര്‍ഥി മഹേഷ് ശര്‍മ്മയ്ക്ക് വേണ്ടി വോട്ടു ചോദിച്ച് ആദിത്യനാഥ് പറഞ്ഞത്.