| Tuesday, 31st July 2018, 10:53 am

ആള്‍ക്കൂട്ട കൊലപാതകം നേരത്തേ അറിയാന്‍ ഞാന്‍ ദൈവമൊന്നും അല്ല; ലോകത്തെമ്പാടും നടക്കുന്ന സംഗതിയെന്നും വസുന്ധര രാജെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ആള്‍ക്കൂട്ട കൊലപാതകം ലോകത്തെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും അത് രാജസ്ഥാനില്‍ മാത്രമല്ല ഉള്ളതെന്നും മുഖ്യമന്ത്രി വസുന്ധര രാജെ. രാജസ്ഥാനിലെ അല്‍വാറില്‍ രഖ്ബര്‍ ഖാന്‍ എന്നയാളെ പശുക്കടത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

“” ഇത് രാജസ്ഥാനില്‍ മാത്രം നടക്കുന്ന ഒരു കാര്യമില്ല. ഇത് ലോകയാഥാര്‍ത്ഥ്യമാണ്. ലോകത്തെമ്പാടും ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ ഇത് രാജസ്ഥാനില്‍ മാത്രമാണ് സംഭവിക്കുന്നത് എന്ന രീതിയിലാണ് ചിലരുടെ പ്രതികരണം””- വസുന്ധര രാജെ പറയുന്നു.

അര്‍ധരാത്രി 12 മണിക്ക് രാജസ്ഥാനിലെ ഏതെങ്കിലുമൊരു ഉള്‍ഗ്രാമത്തില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകുന്നു. യഥാര്‍ത്ഥത്തില്‍ അവിടെ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ദൈവത്തിന് മാത്രമേ അറിയുള്ളൂ. ഇത്തരം കാര്യങ്ങള്‍ സംഭവിക്കും എന്നറിയാന്‍ താന്‍ ദൈവമല്ല എന്നും വസുന്ധരെ രാജെ പറയുന്നു.

ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട അക്ബറിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ അദ്ദേഹം ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി വ്യക്തമായിരുന്നു.

അക്ബറിന്റെ കൈയിലേയും കാലുകളിലേയും അസ്ഥികള്‍ പൊട്ടിനുറുങ്ങിയ നിലയിലായിരുന്നെന്നും ശരീരത്തിലാകമാനം 12 ഇടത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാരിയെല്ലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നു. വലിയ തോതില്‍ ആന്തരിക രക്തസ്രാവമുണ്ടായെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ അക്ബറിനെ ആശുപത്രിയില്‍ എത്തിക്കാതിരുന്നത് വലിയ വീഴ്ച്ചയാണെന്ന് ഏറ്റുപറഞ്ഞ് പൊലീസുകാരന്‍ രംഗത്തെത്തിയിരുന്നു.
അക്ബറിനെ ആശുപത്രിയില്‍ എത്തിക്കുന്നത് മൂന്ന് മണിക്കൂറോളം വൈകിച്ച പൊലീസ് സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ മോഹന്‍ സിങാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

രാത്രി ഒരുമണിയോടെ അക്ബറിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് നാലു മണിക്കാണ് ഇയാളെ സമീപത്തുളള ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ അക്ബര്‍ മരിച്ചിരുന്നു.

അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് പൊലീസ് സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങള്‍ മാറ്റിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more