| Sunday, 20th October 2024, 8:05 pm

2.0, ദര്‍ബാര്‍, ലാല്‍ സലാം ദേ ഇപ്പോള്‍ വേട്ടൈയനും... ലൈക്കയുടെ നഷ്ടം നികത്താന്‍ അഞ്ചാമത്തെ സിനിമയും കമ്മിറ്റ് ചെയ്ത് രജിനികാന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ സ്‌റ്റൈല്‍ മന്നനാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത്. കഴിഞ്ഞ 49 വര്‍ഷമായി ആരാധകരെ കോരിത്തരിപ്പിക്കുന്ന രജിനിയുടെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് വേട്ടൈയന്‍. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആദ്യ വീക്കെന്‍ഡില്‍ തന്നെ 180 കോടിയോളം കളക്ട് ചെയ്ത ചിത്രം പിന്നീട് ബോക്‌സ് ഓഫീസില്‍ കിതക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. വേള്‍ഡ് വൈഡായി ഇതിനോടകം 240 കോടി മാത്രമേ ചിത്രം നേടിയുള്ളൂ.

300 കോടി ബജറ്റിലെത്തിയ ചിത്രം നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കിയിരിക്കുകയാണ്. ഇതോടെ ലൈക്ക പ്രൊഡക്ഷന്‍സും രജിനിയും കൈകോര്‍ത്ത ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായി മാറിയിരിക്കുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 2.0യിലൂടെയാണ് ഈ കൂട്ടുകെട്ട് ആദ്യം കൈകോര്‍ത്തത്. 420 കോടി ബജറ്റിലൊരുങ്ങിയ ചിത്രം പലയിടത്തും ബ്രേക്ക് ഇവന്‍ പോലുമായില്ല. വൈഡ് റിലീസ് ചെയ്തതിലൂടെ 700 കോടി നേടിയിരുന്നെങ്കിലും ചിത്രത്തെ രക്ഷിക്കാന്‍ അത് മതിയാകുമായിരുന്നില്ല.

പിന്നീട് എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ദര്‍ബാര്‍ നിര്‍മിച്ചതും ലൈക്ക തന്നെയായിരുന്നു. ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷ കാക്കാതെ തകര്‍ന്നു. 200 കോടി മുടക്കിയ ചിത്രം ബജറ്റ് മാത്രമേ തിരിച്ചുപിടിച്ചുള്ളൂ. രജിനിയുടെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാമിലും രജിനി അതിഥിവേഷത്തിലെത്തിയിരുന്നു. 2000ത്തിന് ശേഷം ആദ്യമായി രജിനിയുടെ ഒരു ചിത്രം 50കോടി പോലും നേടാതെ ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി.

ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വേട്ടൈയനും മുന്‍ ചിത്രങ്ങളുടെ അതേ ഗതി വന്നിരിക്കുകയാണ്. സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും തമിഴ്‌നാട്ടില്‍ പെയ്ത അപ്രതീക്ഷിത മഴ ചിത്രത്തിനെ കൂടുതല്‍ പ്രതികൂലമായി ബാധിച്ചു. 2021ല്‍ റിലീസായ രജിനി ചിത്രം അണ്ണാത്തെയുടെ റിലീസ സമയത്തും ഇതുപോലെ മഴ കളക്ഷനെ ബാധിച്ചിരുന്നു. വേട്ടൈയനൊപ്പം റിലീസ് ചെയ്യാനിരുന്ന കങ്കുവ റിലീസ് മാറ്റിവെച്ചത് നന്നായെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇതേത്തുടര്‍ന്നാണ് ലൈക്കയുമായി വീണ്ടും സിനിമ ചെയ്യാന്‍ രജിനി നിര്‍ബന്ധിതനായത്. ലൈക്കയെ സംബന്ധിച്ചും ഈ വര്‍ഷം അത്ര സുഖകരമല്ല. ലാല്‍ സലാം പരാജയപ്പെട്ടതിന് പുറമ ഇന്ത്യന്‍ 2വും ബോക്‌സ് ഓഫീസില്‍ കൂപ്പുകുത്തി വീണിരുന്നു. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമകളുടെ പട്ടികയിലാണ് ഇന്ത്യന്‍ 2വിനെ പലരും ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ വേട്ടൈയന്റെ പരാജയവും ലൈക്കയെ നല്ല രീതിയില്‍ ബാധിച്ചു. അജിത് കുമാര്‍ നായകനാകുന്ന വിടാമുയര്‍ച്ചി, മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമാണ് ലൈക്കയുടെ അടുത്ത പ്രൊജക്ടുകള്‍.

Content Highlight: Lyca Productions approached Rajnikanth for new film to cover the loss of Vettaiyan

We use cookies to give you the best possible experience. Learn more