Entertainment news
ഐശ്വര്യ ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം വരുന്നു; 'പൊന്നിയിന്‍ സെല്‍വന്' ശേഷം ലൈക പ്രൊഡക്ഷന്‍സിന്റെ നിര്‍മാണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 03, 06:16 am
Sunday, 3rd October 2021, 11:46 am

സംവിധായികയും പിന്നണി ഗായികയുമായ ഐശ്വര്യ ആര്‍. ധനുഷ് ആറ് വര്‍ഷത്തിന് ശേഷം വീണ്ടും സിനിമാ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു.  ഐശ്വര്യയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തമിഴിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ലൈക പ്രൊഡക്ഷന്‍സ് ആയിരിക്കും ചിത്രം നിര്‍മിക്കുക. ഇവരുടെ അണിയറയിലൊരുങ്ങുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന മണിരത്‌നം ചിത്രത്തിന് ശേഷമായിരിക്കും ഐശ്വര്യയുടെ സിനിമയിലേക്ക് കടക്കുക.

ഐശ്വര്യയുമായി ഒന്നിക്കുന്ന കാര്യം ലൈക പ്രൊഡക്ഷന്‍സ് ഹൗസ് അവരുടെ സമൂഹ മാധ്യമ പേജിലൂടെ പ്രഖ്യാപിച്ചു. നിര്‍മാതാക്കളായ സുഭാസ്‌കരന്‍, മഹാവീര്‍ ജെയ്ന്‍ എന്നിവര്‍ ഐശ്വര്യയുമായി കരാറില്‍ ഒപ്പുവെച്ചു എന്നാണ് പോസ്റ്റില്‍ പറയുന്നത്.

സഞ്ജീവ് ആയിരിക്കും ചിത്രത്തിന്റെ രചന നിര്‍വഹിക്കുക. ഫാമിലി എന്റര്‍ടെയിനറായ ഒരു തമിഴ്-തെലുങ്ക് ദ്വിഭാഷ ത്രില്ലറായിരിക്കും ചിത്രമെന്നും ഇവര്‍ പോസ്റ്റില്‍ പറഞ്ഞു.

സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ സംബന്ധിച്ച വിശദാംശങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധനുഷ്-ശ്രുതി ഹാസന്‍ താരജോടിയില്‍ 2012ല്‍ പുറത്തിറങ്ങിയ ‘ത്രീ’, 2015ല്‍ റിലീസ് ചെയ്ത ക്രൈം തില്ലര്‍ ‘വെയ് രാജാ വെയ്’ എന്നിവയായിരുന്നു ഐശ്വര്യ മുന്‍പ് സംവിധാനം ചെയ്ത സിനിമകള്‍. തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമാണ് ഐശ്വര്യ.


പൊന്നിയിന്‍ സെല്‍വന് പുറമെ ഇന്ത്യന്‍ 2, രാം സേതു, ഡോണ്‍, റാംഗി എന്നീ ബിഗ് ബജറ്റ് സിനിമകളും ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Lyca productions announced that they are to produce a movie directed by Aishwarya Dhanush