| Tuesday, 18th October 2022, 1:38 pm

ലക്ഷങ്ങൾ വരുമാനമുള്ള ഫുട്‌ബോൾ താരത്തിന്റെ കയ്യിൽ പൊട്ടിയ ഫോൺ? ആ പണമൊക്കെ അയാൾ എന്താണ് ചെയ്യുന്നത്; ചോദ്യങ്ങൾക്കുള്ള മറുപടി ഇവിടെയുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ലിവർപൂളിന് വേണ്ടി ബൂട്ടുകെട്ടുന്ന സമയത്താണ് ഒരു പൊതു സ്ഥലത്ത് വെച്ച് സൂപ്പർതാരം സാദിയോ മാനെയോയുടെ പൊട്ടിയ ഫോൺ ജനശ്രദ്ധയിൽ പെടുന്നത്. തുടർന്ന് ആളുകൾക്കിടയിൽ അത് വലിയ ചർച്ചയാവുകയും പലവിധേന വിമർശിക്കപ്പെടുകയും ചെയ്തു.

ഫുട്‌ബോൾ കളിച്ച് പ്രതിമാസം വലിയൊരു തുക കൈപ്പറ്റുന്ന താരത്തിന് പുതിയൊരു ഫോൺ വാങ്ങാൻ കാശില്ലെന്നോ? താര പ്രൗഢിയും പ്രശസ്തിയുമുള്ള ഒരാൾക്കെങ്ങനെ പൊതു സ്ഥലത്ത് വക്ക് പൊട്ടിയ ഫോണുമായി പ്രത്യക്ഷപ്പെടാൻ കഴിയുന്നു, ചോദ്യങ്ങൾ പല രീതിയിൽ മോർഫ് ചെയ്യപ്പെട്ടു.

ചിലർ ഈ വിഷയത്തെ കുറിച്ചും തന്റെ പ്രശസ്തി മറന്ന് നയിക്കുന്ന ലളിത ജീവിതത്തെ കുറിച്ചുമൊക്കെ അദ്ദേഹത്തോട് തന്നെ ചോദിച്ചു.

വിമർശനങ്ങളോട് മുഖം തിരിച്ചു നടന്നു എന്നല്ലാതെ ആർക്കും മാനെ മറുപടി നൽകിയില്ല. എന്നാൽ സംഭവത്തിൽ ഫോളോ അപ്പ് നടത്തിയ ആളുകളെ കൊണ്ടെത്തിച്ചത് താരത്തിന്റെ ജന്മരാജ്യമായ സെനഗലിലെ കുഗ്രാമങ്ങളിലേക്കാണ്.

അദ്ദേഹം അവിടുത്തെ നിർദ്ധരരായ ജനങ്ങൾക്കും കുട്ടികൾക്കും വേണ്ടി പണിത ആശുപത്രികളിലേക്കും സ്‌കൂളുകളിലേക്കുമാണ്.

കരിയറിലൂടെ സമ്പാദിക്കുന്ന മുഴുവൻ തുകയും മാനെ ചെലവഴിക്കുന്നത് പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയായിരുന്നെന്ന് ആളുകൾ തിരിച്ചറിഞ്ഞു. പക്ഷെ ഒരിക്കൽ പോലും അദ്ദേഹം അതിനെ കുറിച്ച് പറയാൻ തയ്യാറായിരുന്നില്ല.

എന്നാൽ ഇന്നലെ മാനെ സോക്രട്ടീസ് ട്രോഫി ജേതാവായി നിൽക്കുന്ന വേദിയിൽ ഈ ചോദ്യം വീണ്ടും ഉയർന്നപ്പോഴാണ് അദ്ദേഹം ആദ്യമായി
ഈ വിഷയത്തിൽ മറുപടി നൽകിയത്.

”ശരിയാണ്, നിങ്ങൾ പറയാറുള്ളത് പോലെ ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ എനിക്ക് തോന്നാറില്ല. പക്ഷെ നമ്മുടെ ആളുകൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്നത് അതീവ സന്തോഷം നൽകുന്ന കാര്യമാണ്.

എന്തിനാണ് ഞാൻ 10 ഫെരാരി കാറുകളും 20 ഡയമണ്ട് വാച്ചുകളും കൊണ്ട് നടക്കുന്നത്. അല്ലെങ്കിൽ പുതിയ രണ്ട് വിമാനങ്ങൾ വാങ്ങുന്നത്, എന്താണെനിക്കതിൽ നിന്ന് കിട്ടുന്നത്?

ഞാൻ വിശന്ന് വലഞ്ഞിരുന്ന കാലമുണ്ടായിരുന്നു, വിശപ്പകറ്റാൻ വയലിൽ ജോലി ചെയ്യുമായിരുന്നു. കഷ്ടതയനുഭവിച്ച ഒത്തിരി നാളുകളുണ്ടായിട്ടുണ്ട്, നഗ്നപാദനായി ഫുട്‌ബോൾ കളിച്ചിട്ടുണ്ട്. എനിക്ക് വിദ്യാഭ്യാസമോ മറ്റ് കാര്യങ്ങളോ ഉണ്ടായിരുന്നില്ല.

ഇന്നത്തെ എന്റെ നേട്ടങ്ങൾക്കെല്ലാം ഞാൻ ഫുട്‌ബോളിനോട് കടപ്പെട്ടിരിക്കുകയാണ്. എനിക്കെന്റെ ജനങ്ങളെ സഹായിക്കാൻ കഴിയുന്നുണ്ട്,” മാനെ വ്യക്തമാക്കി.

ഇന്നലെ നടന്ന ബാലൺ ഡി ഓർ പുരസ്‌കാര വേദിയിലാണ് നിലവിൽ ബയേൺ മ്യുണിക്ക് താരമായ സെനഗലിന്റെ സാദിയോ മാനെയെ സോക്രട്ടീസ് ട്രോഫി നൽകി ആദരിച്ചത്.

ചാരിറ്റി വർക്കുകൾക്ക് ഫുട്ബോൾ താരങ്ങൾക്ക് നൽകുന്ന അംഗീകാരമാണ് സോക്രട്ടീസ് പുരസ്‌കാരം. ഈ വർഷം മുതൽക്കാണ് അവാർഡ് നൽകാനാരംഭിച്ചത്.

Content Highlights: Luxury life is not my thing, Sadio Mane reveals for the first time

We use cookies to give you the best possible experience. Learn more