World News
ഇസ്രഈൽ സേനയുമായി വ്യാപാരം; വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഏറോസ്പേസ് കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ കോളേജ്
ലണ്ടൻ: വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഇസ്രഈലി സേനക്ക് യുദ്ധ സാമഗ്രികൾ വിതരണം ചെയ്യുന്ന കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇംഗ്ലണ്ടിലെ ലുട്ടൺ സിക്സ്ത് ഫോം കോളേജ്.
ഇസ്രഈൽ സേനയ്ക്ക് ആയുധ നിർമാണ സാമഗ്രികൾ എത്തിച്ചുനൽകുന്ന ഇറ്റാലിയൻ ഏറോസ്പേസ് കമ്പനിയായ ലിയനാർഡോയുടെ ബ്രിട്ടനിലെ സഹ സ്ഥാപനവുമായുള്ള ബന്ധമാണ് കോളേജ് അവസാനിപ്പിച്ചത്.
കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ ക്ലാസുകളിൽ നിന്ന് ഇറങ്ങിപോകുകയും പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
ലിയനാർഡോക്കെതിരെ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയതിന് കോളേജിലെ വിദ്യാർത്ഥി കൗൺസിൽ കോളേജ് അധികൃതർ പിരിച്ചുവിട്ടിരുന്നു.
പ്രതിഷേധത്തിനു പിന്നാലെ ലിയനാർഡോയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർത്ഥികൾ ഒപ്പുവെച്ച നിവേദനം കോളേജ് അധികൃതർക്ക് നൽകിയിരുന്നു.
എന്നാൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ലിയനാർഡോയുമായുള്ള എല്ലാ ബന്ധങ്ങളും നിർത്തിവെക്കുകയാണെന്ന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി അധികൃതർ ഓൺലൈനിൽ പ്രസ്താവന ഇറക്കുകയായിരുന്നു.