തൃശൂർ: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ തൂക്കം അറിയാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് പള്ളി. പള്ളി വികാരിയും ട്രസ്റ്റിയും ഉൾപ്പെടെയുള്ളവരെ ചേർത്താണ് കമ്മിറ്റി രൂപീകരിച്ചത്.
ചെമ്പിൽ സ്വർണം പൂശിയ കിരീടമാണ് സുരേഷ് ഗോപി പള്ളിയിൽ നൽകിയതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വരുംകാല ഇടവക പ്രതിനിധികൾ കിരീടം പരിശോധിക്കുകയും അപാകത കണ്ടെത്തുകയും ചെയ്യുന്ന പക്ഷം ഇപ്പോഴത്തെ ട്രസ്റ്റിമാർക്കെതിരെ ആരോപണം ഉന്നയിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ തീരുമാനിച്ചത്.
ഭാവിയിലെ പ്രശ്നങ്ങൾ തടയാൻ കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തും.
തുടർന്ന് വിഷയത്തിൽ മറുപടി നൽകാമെന്ന് പള്ളി വികാരി അറിയിച്ചു.
സുരേഷ് ഗോപി നൽകിയ 500 ഗ്രാമോളം ഭാരം വരുന്ന കിരീടം ചെമ്പിൽ സ്വർണം പൂശിയതാണെന്ന് ആക്ഷേപം ഉയർന്നതിന് പിന്നാലെ കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ലീല വർഗീസും രംഗത്തെത്തിയിരുന്നു. കിരീടം അഞ്ച് പവനോളം വരുമെന്നായിരുന്നു വാർത്തകൾ.
മകളുടെ വിവാഹത്തിന് മുന്നോടിയായിട്ടായിരുന്നു ജനുവരി 15ന് പള്ളിയിലേക്ക് ബി.ജെ.പിയുടെ തൃശൂർ ലോക്സഭാ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി കിരീടം സമർപ്പിച്ചത്.
അതേസമയം കിരീടം തന്റെ നേർച്ചയാണെന്നും എങ്ങനെയാണോ ഉണ്ടാക്കേണ്ടത് ആ രീതിയിൽ തന്നെയാണ് ഉണ്ടാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കിരീടവുമായി ബന്ധപ്പെട്ട വിവാദങ്ങൾ വെറുതെയാണെന്നും എവിടെയെങ്കിലും ഒരു വാക്ക് കൊടുത്തിട്ട് ലംഘിച്ചിട്ടുണ്ടോ എന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
Content Highlight: Lurd Church to examine crown given by Suresh Gopi