| Wednesday, 17th May 2023, 7:13 pm

ഒരുമിച്ച് സിനിമ സ്വപ്‌നം കണ്ടവര്‍ ഒരുമിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത: ലുക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത് മെയ് 19ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് ജാക്സണ്‍ ബസാര്‍ യൂത്ത്. ലുക്മാന്‍ അവറാന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ചിന്നു ചാന്ദ്നി എന്നിവരാണ് സിനിമയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ഷമലിന്റെ ആദ്യ സിനിമയില്‍, ഒരുമിച്ച് സിനിമ സ്വപ്നം കണ്ടിരുന്ന ഞങ്ങള്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒന്നിക്കുന്നു എന്നതാണെന്ന് നടന്‍ ലുക്മാന്‍ അവറാന്‍ പറയുഞ്ഞു. സംവിധായകന്‍ ഷമല്‍ സുലൈമാന്‍, പ്രൊഡ്യൂസര്‍ സക്കരിയ മുഹമ്മദ്, സിനിമയിലെ അഭിനേതാക്കളായ ഇന്ദ്രന്‍സ്, ചിന്നു ചാന്ദ്നി എന്നിവരോടൊപ്പം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഷമലിന്റെ സിനിമ ഓണ്‍ ആവുന്നു എന്നതാണ്. ഷമലിന്റെ ഫസ്റ്റ് സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നു, സക്കരിയ പ്രൊഡ്യൂസ് ചെയ്യുന്നു, കണ്ണന്‍ ക്യാമറ ചെയ്യുന്നു. നമ്മള്‍ സിനിമ ചര്‍ച്ച ചെയ്തിരുന്ന, സിനിമ സ്വപ്നം കണ്ടിരുന്ന ആളുകളൊക്കെ ഒന്നിക്കുന്ന ഒരു സിനിമയാണ്. അങ്ങനെ നമ്മള്‍ കൂട്ടുകാരുടേതാവുമ്പോഴുള്ള ഒരു സന്തോഷം ഉണ്ട്,’ലുക്മാന്‍ അവ്റാന്‍ പറഞ്ഞു.

സിനിമയില്‍ സൗഹൃദം ഒരു ഫാക്ടര്‍ ആയി എപ്പോഴും കൂടെയുണ്ടെന്നും പക്ഷേ സൗഹൃദം കൊണ്ട് സിനിമയിലേക്ക് വരാം എന്ന ധാരണയില്ല എന്നും ലുക്മാന്‍ പറഞ്ഞു.

‘സിനിമയ്ക്ക് സൗഹൃദം ഒരു ഫാക്ടര്‍ ആയി എപ്പോഴും എന്റെ കൂടെയുണ്ട്. പക്ഷേ സൗഹൃദം മാത്രം ഉണ്ടായത് കൊണ്ട് സിനിമ ഉണ്ടാവില്ലല്ലോ. സിനിമയ്ക്ക് വേറെ തന്നെ ലൈനുണ്ട്. ആ രീതിയിലെ സിനിമ പോവുകയുള്ളൂ. സൗഹൃദം കൊണ്ട് സിനിമയിലേക്ക് വരാം എന്ന ധാരണയൊന്നുമില്ല പക്ഷേ അത് ഒരു ഫാക്ടര്‍ ആയി എപ്പോഴും എന്റെ കൂടെയുണ്ട്,’ ലുക്മാന്‍ പറഞ്ഞു.

അതേസമയം സൗഹൃദത്തിനുമൊക്കെ അപ്പുറത്താണ് സിനിമ എന്നും, ഫ്രണ്ട്‌സ് ആണ് എന്നുള്ളതല്ല, സിനിമ വിജയിക്കുക എന്നുള്ളതാണ് പ്രധാനം എന്നും സംവിധായകന്‍ ഷമല്‍ സുലൈമാന്‍ പറഞ്ഞു.

‘സൗഹൃദമൊന്നുമല്ല ആത്യന്തികമായി സിനിമ. സൗഹൃദത്തിനുമൊക്കെ അപ്പുറത്തേക്കാണ് സിനിമ. നമ്മള്‍ എത്രത്തോളം കഷ്ടപ്പെട്ടു എത്ര ഫ്രണ്ട്സ് ആണ് എന്നുള്ളതൊന്നും സിനിമയുടെ ഒരു ഫാക്ടര്‍ അല്ല. സിനിമ വര്‍ക്ക് ആവുക എന്നുള്ളതാണ് പ്രധാനം. അത് വര്‍ക്ക് ആയില്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാനില്ല. ജനങ്ങളാണ് അത് തീരുമാനിക്കുന്നത്,’ ഷമല്‍ സുലൈമാന്‍ പറഞ്ഞു.

content highlights: Luqman talks about Jackson Bazar Youth

We use cookies to give you the best possible experience. Learn more