സ്വന്തമായൊരു സൈക്കിള്‍ പോലുമില്ലാത്ത കാലത്ത് കാര്‍ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ദായും പന്ത്രണ്ടും എന്ന തന്റെ ആദ്യ സിനിമയില്‍ ചാന്‍സ് കിട്ടിയതെന്ന് നടന്‍ ലുക്മാന്‍. മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാടകക്ക് കാര്‍ എടുത്താണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും, കാര്‍ ഉള്ളത് കൊണ്ടാണ് ആ സിനിമയില്‍ അവസരം കിട്ടിയതെന്നും ലുക്മാന്‍ പറയുന്നു.
‘കോളേജ് കഴിഞ്ഞ് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന കാലമായിരുന്നു അത്. അന്ന് ഒരു സുഹൃത്താണ് പറഞ്ഞത്, ഹര്‍ഷദ് എന്ന് പറയുന്നൊരാളുണ്ട് കോഴിക്കോട്, നമ്മുടെയൊക്കെ ആശാനാണ്, അദ്ദേഹം പുതിയ സിനിമയിലേക്ക് നടനെ തേടുന്നുണ്ട് എന്ന്. അങ്ങനെയാണ് ഹര്‍ഷദിക്കാനെ കാണാന്‍ പോകുന്നത്.
അദ്ദേഹം എന്ന കണ്ടപ്പോള്‍ ചോദിച്ചത്. ക്യാരക്ടര്‍ ഒക്കെയാണ്, കാര്‍ ഉണ്ടോ എന്നാണ്. അദ്ദേഹത്തിന്റെ അന്നത്തെ സാഹചര്യം അതായിരുന്നു. അദ്ദേഹം തന്നെ നിര്‍മിക്കുന്ന സിനിമയായിരുന്നു അത്. ആ സിനിമയിലേക്ക് പ്രോപ്പര്‍ട്ടിയായിട്ട് ഒരു കാര്‍ വേണമായിരുന്നു. കാര്‍ ഉണ്ടെങ്കില്‍ ആ ചാന്‍സ് ഉണ്ടെന്ന് എനിക്ക് ഉറപ്പായി. ഞാന്‍ കാര്‍ ഉണ്ടെന്ന് പറഞ്ഞു. അന്ന് പക്ഷെ എനിക്ക് സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ലായിരുന്നു. കാര്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ ഉറപ്പിച്ചു.
ഞാന്‍ തിരിച്ച് നാട്ടില്‍ പോയി കാര്‍ റെന്റിനെടുക്കുകയാണ് ചെയ്തത്. അന്നെനിക്ക് ഡ്രൈവിംഗും അത്ര സെറ്റായിട്ടുണ്ടായിരുന്നില്ല. എന്നാലും ഞാന്‍ റെന്റിനെടുത്ത ആ കാറുമായി കോഴിക്കോടേക്ക് പോയി. രണ്ട് മാസത്തോളം ഷൂട്ടുണ്ടായിരുന്നു. അതിനിടയില്‍ ഒരു ബ്രേക്കുമുണ്ടായിരുന്നു. ബ്രേക്കിന്റെ സമയത്ത് കാര്‍ തിരിച്ചുകൊടുക്കാന്‍ പറ്റില്ലല്ലോ. കണ്ടിന്യൂയിറ്റി പ്രശ്‌നമാകും.
അങ്ങനെ ആ കാര്‍ കുറെ കാലം എന്റെ കൈയില്‍ തന്നെയായി. കുറച്ചു കാലത്തേക്കെങ്കിലും ഞാന്‍ കടക്കാരനുമായി. പിന്നീട് ഷൂട്ട് മുഴുവന്‍ കഴിഞ്ഞതിന് ശേഷമാണ് ഹര്‍ഷദിക്ക ഈ കഥയറിയുന്നത്. കാറുള്ളത് കൊണ്ട് എന്നെ പുറത്താക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും കാര്‍ ഇവിടെ വെച്ച് നീ പൊയ്‌ക്കോ എന്ന് പറയുമോ എന്ന് ചെറിയൊരു പേടിയുമുണ്ടായിരുന്നു,’ലുക്മാന്‍ പറഞ്ഞു.
നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത് മെയ് 19ന് റിലീസ് ചെയ്യാനിരിക്കുന്ന ജാക്സണ്‍ ബസാര്‍ യൂത്ത് ആണ് ലുക്മാന്റെ ഏറ്റവും പുതിയ സിനിമ. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ചിന്നു ചാന്ദ്നി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
content highlights: Luqman talks about getting the opportunity in the first film