| Tuesday, 16th July 2019, 1:25 pm

'ലുങ്കിയുടുത്തതിന്റെ പേരില്‍ കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചതായി പരാതി' ; ' ലുങ്കി സമരവുമായി' കോഴിക്കോട്ടെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലുങ്കിയുടുത്തതിന്റെ പേരില്‍ കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മാധ്യമപ്രവര്‍ത്തകനായ കരീം ചേലേമ്പ്രയെയാണ് ലുങ്കിയുടുത്തതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞത്.

സുഹൃത്തിനൊപ്പം 13 ാം തിയതി രാത്രി സീ ക്യൂന്‍ ഹോട്ടലിലെത്തിയപ്പോഴായിരുന്നു സംഭവം. ലുങ്കിയുടുത്തവരെ കയറ്റാന്‍ പറ്റില്ലെന്നും അത് മാനേജ്‌മെന്റിന്റെ തീരുമാനമാണെന്നുമായിരുന്നു ജീവനക്കാരുടെ നിലപാട്.

എന്നാല്‍ ലുങ്കിയുടുത്തുവെന്ന പേരില്‍ പ്രവേശനം നിഷേധിച്ച സീ ക്യൂന്‍ ഹോട്ടലിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് കോഴിക്കോട്ടെ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍.

17 ാം തിയതി ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് ആര്‍ട് ഗ്യാലറിയ്ക്ക് സമീപത്തുനിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്. ‘ലുങ്കി സമരം’എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്. എഴുത്തുകാരും ചലച്ചിത്ര, നാടക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും തൊഴിലാളികളുമടക്കം നിരവധിയാളുകള്‍ സമരത്തില്‍ പങ്കെടുക്കും.

സീ ക്യൂന്‍ ഹോട്ടലിലെത്തിയ തന്നോട് ലുങ്കിയുടുത്ത് കയറാന്‍ പറ്റില്ലെന്നും അത് ഇവിടുത്തെ നിയമമാണെന്നുമായിരുന്നു ജീവനക്കാര്‍ പറഞ്ഞതെന്ന് കരീം ചേലമ്പ്ര ഡൂള്‍ന്യൂസിനോട് പറഞ്ഞു.

” കാസിനോ ടൂറിസ്റ്റ് ഹോമിലാണ് ഞാന്‍ താമസിക്കുന്നത്. 10 മണിയോടെയാണ് ഞാനും സുഹൃത്തും കവിയുമായ സ്വാമി ദാസ് മുചുകുന്നും കൂടി സീ ക്വീനില്‍ എത്തുന്നത്. ഞാന്‍ ലുങ്കിയാണ് ഉടുത്തിരുന്നത്. സ്വാമി ദാസ് ഷര്‍ട്ടും പാന്റുമാണ് ധരിച്ചത്. അദ്ദേഹം ഇന്‍സൈഡ് ചെയ്തിട്ടുമുണ്ട്. ഹോട്ടലിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍ ജീവനക്കാരന്‍ എത്തുകയും ‘ സര്‍ നിങ്ങള്‍ക്ക് പോകാം, മറ്റേയാള്‍ക്ക് പോകാന്‍ കഴിയില്ലെന്ന്’ പറയുകയായിരുന്നു. എന്താണ് പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ ലുങ്കിയുടുത്ത ആരേയും ഇവിടെ കയറ്റാറില്ല എന്നായിരുന്നു അവര്‍ മറുപടി നല്‍കിയത്.

നിങ്ങള്‍ ആരേയും കയറ്റാറില്ലെങ്കില്‍ കുഴപ്പമില്ല., പക്ഷേ അത് എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. ഇത് ഹോട്ടലിന്റെ നിയമമാണെന്നും ഇവിടെ ലുങ്കിയുടുത്തവര്‍ കയറാറില്ലെന്നാമായിരുന്നു അവരുടെ മറുപടി.

ഒന്നുകില്‍ ഞാന്‍ ഇവിടെ കയറി ഭക്ഷണം കഴിക്കും, അല്ലെങ്കില്‍ ലുങ്കിയുടുത്തവര്‍ക്ക് കയറാന്‍ പറ്റില്ലെന്ന് നിങ്ങള്‍ എഴുത്തിത്തരണമെന്ന് ഞാന്‍ അവരോട് ആവശ്യപ്പെട്ടു. അങ്ങനെയാണെങ്കില്‍ മടങ്ങിപ്പോവാമെന്നും പറഞ്ഞു. അപ്പോഴേക്കും എട്ടോളം ആളുകള്‍ ഞങ്ങള്‍ക്കും ചുറ്റും കൂടിയിരുന്നു.

ലുങ്കിയുടുത്തവരെ കയറ്റാന്‍ പറ്റില്ലെന്നും അതാണ് മാനേജ്‌മെന്റിന്റെ തീരുമാനമെന്നും അവര്‍ വന്നുപറഞ്ഞു. അതിനിടെ കാവിയോ പച്ചയോ ചുവപ്പോ വെള്ളയോ നിറമുള്ള മുണ്ടുകള്‍ ഉടുക്കാമെന്നും പക്ഷേ ലുങ്കി മാത്രം പറ്റില്ല എന്ന് ഒരാള്‍ പറയുന്നുണ്ടായിരുന്നു.

നിങ്ങളെ കയറ്റാമായിരുന്നു പക്ഷേ നിങ്ങള്‍ ഇടത്തോട്ടാണ് മുണ്ടുടുത്തത്. അതുകൊണ്ട് എന്തായാലും കയറ്റാന്‍ പറ്റില്ലെന്നും മറ്റൊരാള്‍ പറഞ്ഞു. അതൊരു വംശീയ അധിക്ഷേപമല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതിന് അവര്‍ പ്രത്യേകിച്ച് മറുപടിയൊന്നും തന്നില്ല.

വാഗ്വാദങ്ങള്‍ക്കൊടുവില്‍ ലുങ്കിയുടുത്തതുകൊണ്ട് കയറ്റാന്‍ പറ്റില്ല എന്ന് അവര്‍ വെള്ളപ്പേപ്പറില്‍ എഴുതിത്തന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ടൗണ്‍ സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു.- കരീം ചേലേമ്പ്ര പറഞ്ഞു.

ഹോട്ടലിന്റെ മാനേജരെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെങ്കിലും ഇത് മുതലാളിയുടെ നിര്‍ദേശമാണെന്നും അതില്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ കേരളത്തില്‍ എവിടേയും ഇല്ലാത്ത നിയമം ഇവിടെ മാത്രമായി നടത്താന്‍ പറ്റില്ലെന്ന് ഞങ്ങളും വാദിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടത്. ഇത്തരമൊരു നടപടി മൗലികാവകാശത്തിനു മേലുള്ള കൈകടത്തലാണെന്നും ഇത് കടില്ലെന്ന് നടിക്കാനാവില്ലെന്നും കരീം ചേലമ്പ്ര പ്രതികരിച്ചു.

കോഴിക്കോട്ടെ സീ ക്യൂന്‍ ഹോട്ടലിന്റെ റെസ്‌റ്റോറന്റില്‍ മാത്രല്ല മറ്റ് പല ഹോട്ടലുകളിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നതായി അറിഞ്ഞിട്ടുണ്ടെന്ന് കരീമിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ വി. അബ്ദുള്‍മജീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

” സീ ക്യൂന്‍ ഹോട്ടലിനെതിരെ മാത്രമാണ് പരാതിയുമായി ഒരാള്‍ രംഗത്തെത്തിയത്. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഇതൊരു വ്യക്തിയുടെ മാത്രം കേസായി ഒതുങ്ങാതെ ഇതൊരു ചര്‍ച്ചയായി മാറേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

കേരളത്തില്‍ ഇങ്ങനെ ഒരു നിയമമില്ല. ഹോട്ടലുടമകള്‍ സ്വയം നടപ്പാക്കുന്ന ഈ നിയമം അംഗീകരിക്കാനാവില്ല. പൊതുബോധത്തില്‍ കഠിനാധ്വാനം ചെയ്തു ജീവിക്കുന്നവരുടെ വസ്ത്രമായ ലുങ്കിക്ക് ഏര്‍പ്പെടുത്തുന്ന ഈ വിലക്ക് പൗരാവകാശ ലംഘനവും വര്‍ഗവിവേചനവുമാണ്. ”- അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സീ ക്വീന്‍ ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു. ഹോട്ടലില്‍ മൂന്ന് റെസ്‌റ്റോറന്റുകള്‍ ആണുള്ളത്. എ.സി, നോണ്‍ എ.സി, പ്രീമിയം എന്നിങ്ങനെ. ഇതില്‍ എ.സി, നോണ്‍ എ.സി ഹോട്ടലുകളില്‍ ആര്‍ക്കും കയറാം. പ്രീമിയം ഹോട്ടല്‍ ഫാമിലിക്ക് വേണ്ടി മാത്രമാണ്. അത് അങ്ങനെ തന്നെ തുടരാന്‍ വേണ്ടി ചില നിബന്ധനകള്‍ വച്ചിട്ടുണ്ട്. അത് ബോധ്യപ്പെടുത്തിയതാണ്. എന്നിട്ടും നിര്‍ബന്ധം പിടിക്കുകയും ലുങ്കി ഊരി റിസപ്ഷന്റെ മേശപ്പുറത്ത് വെക്കുകയുമായിരുന്നു. ഇടത്തോട്ട് ലുങ്കി ഉടുത്തവരെ കയറ്റില്ല എന്നതൊക്കെ പിന്നീട് അവര്‍ പറഞ്ഞുണ്ടാക്കിയത് മാത്രമാണ് എന്നാണ് ഹോട്ടല്‍ അധികൃതരുടെ പ്രതികരണം.

We use cookies to give you the best possible experience. Learn more