| Sunday, 30th October 2022, 10:37 pm

ഇന്ത്യയെ തോല്‍പിക്കാന്‍ സഹായിച്ചത് പാകിസ്ഥാന്‍; തുറന്നുപറഞ്ഞ് മാന്‍ ഓഫ് ദി മാച്ച് ലുങ്കി എന്‍ഗിഡി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം മത്സരവും വിജയിച്ച് സെമിയില്‍ പ്രവേശിക്കാമെന്ന മോഹവുമായി കളത്തിലിറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സൗത്ത് ആഫ്രിക്ക നല്‍കിയത്. അഞ്ച് വിക്കറ്റിനായിരുന്നു പ്രോട്ടീസ് ആധികാരിക വിജയം ആഘോഷിച്ചത്.

പേസര്‍മാരെ തുണക്കുന്ന പെര്‍ത്തിലെ പിച്ചിന്റെ സകല ആനുകൂല്യവും സൗത്ത് ആഫ്രിക്കന്‍ പേസര്‍മാര്‍ മുതലാക്കിയിരുന്നു. സ്റ്റാര്‍ പേസര്‍ ലുങ്കി എന്‍ഗിഡിയും വെയ്ന്‍ പാര്‍ണെലുമാണ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ എറിഞ്ഞു വീഴ്ത്തിയത്.

നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ വെയ്ന്‍ പാര്‍ണെലും നാല് ഓവറില്‍ 29 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ലുങ്കി എന്‍ഗിഡിയുമാണ് സൗത്ത് ആഫ്രിക്കയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരെ എറിഞ്ഞു വിഴ്ത്തിയ എന്‍ഗിഡി തന്നെയാണ് കളിയിലെ കേമനും. കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് എന്‍ഗിഡി മടക്കിയത്.

ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ തന്നെ സഹായിച്ചത് പാകിസ്ഥാനാണെന്നും പാക് ബൗളര്‍മാര്‍ ചെയ്യുന്നത് കണ്ടാണ് താന്‍ തന്ത്രങ്ങള്‍ മെനഞ്ഞതെന്നും പറയുകയാണ് ലുങ്കി എന്‍ഗിഡി.

‘ഒരു ബൗളര്‍ എന്ന നിലയില്‍ ഇത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇത് എന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. പാകിസ്ഥാന്‍ ഇവിടെ ചെയ്തത് നമ്മള്‍ കണ്ടതാണ്. അതാണ് എന്നെ ഏറ്റവുമധികം സഹായിച്ചത്. ബാറ്റിങ്ങില്‍ മര്‍ക്രം ഗെയിം മുന്നോട്ട് നയിച്ചു. മില്ലര്‍ അവനെ ഫോളോ ചെയ്തു, ഞങ്ങള്‍ ജയിക്കുകയും ചെയ്തു,’ എന്‍ഗിഡി പറയുന്നു.

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തിന് മുമ്പ് ഇതേ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു പാകിസ്ഥാന്‍ – നെതര്‍ലന്‍ഡ്‌സ് മത്സരം നടന്നത്. മത്സരത്തില്‍ പാകിസ്ഥാന്‍ നെതര്‍ലന്‍ഡ്‌സിനെ 91 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ തളച്ചിടുകയായിരുന്നു. ശേഷം സാവധാനം ചെയ്‌സ് ചെയ്ത് ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുകയും ചെയ്തു.

നേരത്തെ ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ രോഹിത്തിന്റെ തീരുമാനം പാളുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ വിക്കറ്റുകള്‍ വീണ് 49ന് അഞ്ച് എന്ന നിലയില്‍ ഇന്ത്യ ഉഴറിയിരുന്നു.

സൂര്യകുമാറിന്റെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് ഡേവിഡ് മില്ലറിന്റെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ത്യക്കെതിരായ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് 2ല്‍ ഒന്നാമതെത്താനും സൗത്ത് ആഫ്രിക്കക്കായി. കളിച്ച മൂന്ന് മത്സരത്തില്‍ ഒന്നുപോലും തോല്‍ക്കാതെ എട്ട് പോയിന്റാണ് പ്രോട്ടീസിനുള്ളത്. മൂന്നില്‍ രണ്ട് വിജയവുമായി ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Content Highlight: Lungi Ngidi says watching Pakistan’s bowling helped against India

We use cookies to give you the best possible experience. Learn more