നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ റസിഡന്‍ഷ്യല്‍ ഏരിയയില്‍ സ്ത്രീകള്‍ നൈറ്റിയും പുരുഷന്മാര്‍ ലുങ്കിയും ധരിക്കുന്നത് വിലക്കിയ സര്‍ക്കുലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ജൂണ്‍ 10ന് ഹിംസാഗര്‍ അപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ പുറത്തിറക്കിയ നോട്ടീസില്‍ താമസക്കാരോട് ലുങ്കിയും നൈറ്റിയും ധരിച്ച് ഫ്‌ളാറ്റില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഗ്രേറ്റര്‍ നോയിഡയിലെ ‘ഫൈ 2 ഹിംസാഗര്‍ സൊസൈറ്റി’യുടെ സര്‍ക്കുലറാണ് വലിയ തോതില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുന്നത്. പൊതുസ്ഥലങ്ങളിളിലും പാര്‍ക്കുകളിലും വരുമ്പോള്‍ വസ്ത്രധാരണത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്നും റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (RWA) അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഇത് സമൂഹം എടുത്ത നല്ല തീരുമാനമാണെന്നും എതിര്‍ക്കേണ്ട കാര്യമില്ലെന്നും റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ. കല്‍റ എ.എന്‍.ഐയോട് പറഞ്ഞു. ‘തീരുമാനത്തെ എല്ലാവരും മാനിക്കണം. സ്ത്രീകള്‍ നൈറ്റി ധരിച്ച് കറങ്ങുന്നത് പുരുഷന്മാര്‍ക്കും, പുരുഷന്മാര്‍ അത് ലുങ്കി ധരിച്ചാല്‍ സ്ത്രീകള്‍ക്ക് അസ്വസ്ഥതയുണ്ടാക്കും. പരസ്പരം ബഹുമാനിക്കേണ്ടതുണ്ട്,’ കല്‍റ പറഞ്ഞു.
അതേസമയം, ആളുകളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന വിവാദ ഉത്തരവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുകയാണ്. റസിഡന്‍സ് അസോസിയേഷന്‍ നടത്തുന്നത് സദാചാര പൊലീസിങ് ആണെന്നാണ് പരക്കെ വിമര്‍ശനം ഉയരുന്നത്.
‘നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ പെരുമാറ്റത്തിലും വസ്ത്ര ധാരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. മറ്റുള്ളവര്‍ക്ക് പ്രകോപനപരമായ വേഷങ്ങള്‍ ധരിച്ച് പൊതുസ്ഥലങ്ങളില്‍ ഇറങ്ങരുത്. ലുങ്കിയും നൈറ്റിയും ധരിച്ച് ചുറ്റിക്കറങ്ങരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,’ എന്നിങ്ങനെയാണ് വിവാദ സര്‍ക്കുലറിലെ ഉത്തരവുകള്‍.
അതേസമയം, സര്‍ക്കുലറിനെ എതിര്‍ത്തും പിന്തുണച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. സര്‍ക്കുലര്‍ ഇറക്കിയ റസിഡന്‍സ് ഖാപ് പഞ്ചായത്തിനെ പോലെയാണ് പെരുമാറുന്നതെന്ന് ഒരാള്‍ പ്രതികരിച്ചു.
‘പൊതുസ്ഥലങ്ങളില്‍ നടക്കാന്‍ നൈറ്റികളും ലുങ്കികളും അല്‍പ്പം അനുചിതമാണ്. ഇക്കാലത്ത് ഇത് പഴഞ്ചന്‍ സ്റ്റൈലാണ്. ഇത്തരം ഡ്രസിങ് പ്രോട്ടോക്കോളുകള്‍ പാലിക്കേണ്ടതുണ്ട്,’ മറ്റൊരാള്‍ പറഞ്ഞു.
ഇത്തരം ഉത്തരവുകള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.
Content Highlights: lungi and nightie banned in public space, Housing Society Imposes Bizarre Dress Code