ലുലു മാള്‍: സര്‍വേ പരിശോധന ഇന്ന് പൂര്‍ത്തിയാകും
Kerala
ലുലു മാള്‍: സര്‍വേ പരിശോധന ഇന്ന് പൂര്‍ത്തിയാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2013, 9:14 am

[]കൊച്ചി: ഇടപ്പള്ളി ലുലു മാളും നിര്‍ദിഷ്ട കൊച്ചി മെട്രോ റെയിലുമായി ബന്ധപ്പെട്ട പ്രദേശത്ത് റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന റീസര്‍വേ നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.

ഇടപ്പള്ളി ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് റവന്യു സര്‍വേ സംഘം നടത്തുന്ന പരിശോധന ഇന്നു പൂര്‍ത്തിയാകും. []

ടോട്ടല്‍ സ്‌റ്റേഷന്‍ മെഷീന്‍ ഉപയോഗിച്ച് ഇതുവരെ നടത്തിയ സര്‍വേയുടെ വിശദാംശങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്.

മാളിനു സമീപത്തെ ഇടപ്പള്ളി തോട്, മെട്രോ റയില്‍ റൂട്ട് ഭാഗങ്ങളിലാണ് പരിശോധന. ഇടപ്പള്ളി നോര്‍ത്ത് വില്ലേജ് പരിധിയില്‍ ഉള്‍പ്പെട്ട ചെറിയൊരു ഭാഗത്ത് സര്‍വേ നടത്താനുണ്ട്.

ഇന്നലെ വരെ നടത്തിയ സര്‍വേയിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ചിലയിടങ്ങളില്‍ ക്രോസ് ചെക്കിങ്ങും നടത്തേണ്ടതുണ്ട്. ഈ രണ്ടു നടപടികളും ഇന്നു ഉച്ചയ്ക്കു മുന്‍പു പൂര്‍ത്തിയാക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.

പരിശോധന പൂര്‍ത്തിയായാല്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു സമര്‍പ്പിക്കും. ഡപ്യൂട്ടി കലക്ടര്‍ കെ.പി. മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ അഡീ. തഹസില്‍ദാര്‍ കൃഷ്ണകുമാരി, ഹെഡ് സര്‍വേയര്‍ തോംസണ്‍ റൈറ്റ്, താലൂക്ക് സര്‍വേയര്‍ രാജീവ് ജോസഫ് തുടങ്ങിയവരും വില്ലേജ് ഓഫിസര്‍മാരുമാണു സര്‍വേ സംഘത്തിലുള്ളത്.

സര്‍വേയില്‍ ഇടപ്പള്ളി തോടിന്റെ അതിര്‍ത്തിക്കല്ലുകളില്‍ ഭൂരിഭാഗവും കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ സര്‍വേയില്‍ കൊച്ചി നഗരസഭാധികൃതരോടു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതിര്‍ത്തിക്കല്ലുകള്‍ കണ്ടെത്തി നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ കഴിഞ്ഞ ദിവസം മഴ തടസം സൃഷ്ടിച്ചിരുന്നു. നടപടികള്‍ ഇന്നു പൂര്‍ത്തിയാകുമെന്നു പ്രതീക്ഷിക്കുന്നതായി ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ള അറിയിച്ചു.

ലുലു മാളിനായി സ്ഥലം കയ്യേറിയിട്ടുണ്ടെന്ന പരാതിയെത്തുടര്‍ന്നു കലക്ടര്‍ നിര്‍ദേശിച്ചതനുസരിച്ചാണു പരിശോധന.