| Saturday, 14th October 2023, 5:47 pm

ലുലു മാളിലെ പാക് പതാക; ആതിര നമ്പ്യാതിരിക്ക് ജോലി തിരികെ ലഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലുലു മാളിൽ സ്ഥാപിച്ച പാകിസ്ഥാൻ പതാക ഇന്ത്യയുടേതിനേക്കാൾ വലുതാണെന്ന വ്യാജ വാർത്തയെ തുടർന്ന് ജോലി നഷ്ടമായ ആതിര നമ്പ്യാതിരിയെ തിരികെ ക്ഷണിച്ച് ലുലു ഗ്രൂപ്പ്. തന്റെ ലിങ്ക്ഡ് ഇൻ അക്കൗണ്ട് വഴി ആതിര തന്നെയാണ് വിവരം പുറത്തുവിട്ടത്.

പതാക വിവാദത്തിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ലുലു ഗ്രൂപ്പ്‌ ആതിരയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇതിൽ അതൃപ്തയായ ആതിര രാജിവെക്കുകയായിരുന്നു.
വ്യാജ വാർത്തക്കെതിരെ ശബ്ദിച്ചതിനും തന്നെ പിന്തുണച്ചതിനും എല്ലാവർക്കും ആതിര നന്ദി അറിയിച്ചു.

‘നിങ്ങളുടെ വിലമതിക്കാനാവാത്ത പിന്തുണക്ക് എല്ലാവരോടും നന്ദി പറയുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്ത ചെറുക്കുന്നതിൽ നമ്മളെല്ലാവരും കാണിച്ച ഐക്യത്തിൽ എനിക്ക് അഭിമാനമുണ്ട്. നമ്മുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി, എത്രയും നേരത്തെ തന്നെ ജോലിയിൽ പ്രവേശിക്കാൻ ലുലു ഗ്രൂപ്പ് എന്നെ ക്ഷണിച്ചിരിക്കുകയാണ്.

എന്റെ മുൻപത്തെ പോസ്റ്റിൽ സൂചിപ്പിച്ചത് പോലെ, ഇത് വ്യക്തികളെ മാത്രം ബാധിക്കുന്നതല്ല എന്ന് ഓർക്കേണ്ടത് വളരെ പ്രധാനമാണ്. കമ്പനികളെയും ഇത് സാരമായി ബാധിക്കും.

തെറ്റായ പ്രചാരണങ്ങൾക്കെതിരെ പൊരുതിയ എല്ലാവരോടും ഞാൻ നന്ദി അറിയിക്കുന്നു.

അറിവും അവബോധവും അനുകമ്പയും വളർത്താനായി നമുക്കൊരുമിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്താം.

ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി!’ തന്റെ ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ ആതിര കുറിച്ചു.

നേരത്തെ, ഒരു പതിറ്റാണ്ടുകാലമായി ലുലുവിനുവേണ്ടി ആത്മാർത്ഥതയോടെ ജോലി ചെയ്തുവരുന്ന തനിക്ക് ജോലി നഷ്ടമായ സാചര്യത്തെക്കുറിച്ച് ആതിര നമ്പ്യാതിരി ലിങ്ക്ഡ് ഇന്നിൽ എഴുതിയിരുന്നു.

ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായിട്ടാണ് കൊച്ചിയിലെ ലുലു മാളിൽ ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പതാക ഉയർത്തിയത്. എല്ലാ രാജ്യങ്ങളുടെ പതാകയും ഒരേ വലുപ്പത്തിലും ഒരേ ഉയരത്തിലുമാണ് കെട്ടിയരുന്നത്.

എന്നാൽ മൊബൈൽ ഫോണിൽ വ്യത്യസ്ത ആങ്കിളിൽ നിന്നുള്ള ചിത്രങ്ങളെടുത്ത് പാകിസ്ഥാൻ പതാക ഇന്ത്യൻ പതാകക്ക് മുകളിൽ കെട്ടിയതാണെന്ന് പറഞ്ഞായിരുന്നു സംഘ് പ്രൊഫൈലുകൾ പ്രചരിപ്പിച്ചത്. പ്രതീഷ് വിശ്വനാഥനും ലസിത പാലക്കലും അടക്കമുള്ള തീവ്രഹന്ദുത്വ പ്രൊഫൈലുകളും ഈ പ്രചരണത്തെ ഏറ്റെടുത്തിരുന്നു.

Content Highlight: Lulu mall Pak Flag; Athira Nampyathiri gets back her job

We use cookies to give you the best possible experience. Learn more