| Saturday, 30th July 2022, 1:10 pm

ലുലു മാളിലെ നമസ്‌കാരം: അറസ്റ്റിലായവര്‍ക്ക് ജാമ്യമനുവദിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിര്‍മിച്ച ലുലുമാളില്‍ നമസ്‌കരിച്ചെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റിലായ ആറുപേര്‍ക്കാണ് നിലവില്‍ ജാമ്യം ലഭിച്ചത്. ലഖ്‌നൗ എസ്.ജി.എം കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

അനുമതിയില്ലാതെ മാളില്‍ നമസ്‌കരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

എപ്പോള്‍ വേണമെങ്കിലും കോടതിയില്‍ ഹാജരാകണം, 20,000 രൂപ പിഴയടക്കണം തുടങ്ങിയ ഉപാധികളോടെയാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും നിര്‍ദേശമുണ്ട്. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്.

ഹിന്ദുക്കളായ ഏതാനും പേര്‍ ചേര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടിയാണ് നമസ്‌കാരം നടത്തിയതെന്ന വസ്തുതകള്‍ നിലനില്‍ക്കെയായിരുന്നു കേസില്‍ പൊലീസ് അറസ്റ്റ് നടത്തിയിരുന്നത്.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ഇവര്‍ യഥാര്‍ത്ഥ പ്രതികള്‍ തന്നെയാണോ എന്ന കാര്യം പൊലീസ് വ്യക്തമാക്കേണ്ടതുണ്ടെന്ന് പലയിടത്തുനിന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

അറസ്റ്റിലായവരാരും ലുലുമാളിലെ ജീവനക്കാരല്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉദ്ഘാടനത്തിന് പിന്നാലെ ഹിന്ദുത്വവാദികള്‍ മാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാളില്‍ അനധികൃതമായി നമസ്‌കാരം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു.

മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്നും മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിരുന്നു.

അതേസമയം മാള്‍ അധികൃതര്‍ പൊലീസിന് നല്‍കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം ആസൂത്രിതമാണോ എന്ന ആശങ്കകളും ഉയര്‍ന്നിരുന്നു. എട്ടാളുകള്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മാളില്‍ പ്രവേശിച്ചവര്‍ മാള്‍ സന്ദര്‍ശിക്കുന്നതിനോ ഷോറൂമിലേക്ക് പ്രവേശിക്കാനോ ശ്രമിക്കുന്നില്ല.

തിരക്കിട്ടുവരുന്ന ഇവര്‍ അകത്തുകയറിയ ഉടന്‍ നമസ്‌കരിക്കാന്‍ ഇടം തേടുകയാണ് ചെയ്യുന്നത്. സംഘം ആദ്യം ബേസ്മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയും നമസ്‌കരിക്കുകയായിരുന്നു.

ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്(സാധാരണ ഒരു നേരത്തെ നമസ്‌കാരം പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ സമയം എടുക്കും). ഇവര്‍ ശരിയായ ദിശയിലല്ല നമസ്‌കരിച്ചതെന്നും വ്യക്തമാക്കുന്നതായിരുന്നു വീഡിയോ (കഅ്ബയ്ക്ക് നേരെ തിരിഞ്ഞാണ് മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുക, ഇവര്‍ വിപരീത ദിശയിലാണ് നമസ്‌കരിച്ചിരിക്കുന്നത്).

Content Highlight: Lulu mall namaz row, court granted bail for people arrested

We use cookies to give you the best possible experience. Learn more