ലുലു മാളിന്റെ ഭൂമിയിലെ റീസര്‍വേ ഉടന്‍ നടക്കില്ലെന്ന് ജില്ലാഭരണകൂടം
Kerala
ലുലു മാളിന്റെ ഭൂമിയിലെ റീസര്‍വേ ഉടന്‍ നടക്കില്ലെന്ന് ജില്ലാഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th May 2013, 9:30 am

[]കൊച്ചി: ഇടപ്പള്ളി ലുലു മാളിന്റെ ഭൂമിയില്‍ ഇന്ന് നടത്താനിരുന്ന റീസര്‍വേ നടക്കില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധന നടത്താന്‍ കൂടുതല്‍ സമയം വേണ്ടതിനാലാണ് റീസര്‍വേ മാറ്റിവെച്ചിരിക്കുന്നത്.

രേഖകളുടെ പരിശോധന പൂര്‍ത്തിയായതിനു ശേഷം റീസര്‍വേ നടത്തുമെന്നും റവന്യൂവകുപ്പ് അധികൃതര്‍ പറഞ്ഞു. []

റവന്യൂ വകുപ്പിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റീസര്‍വേ നടത്താന്‍ തീരുമാനിച്ചിരുന്നത്. ലുലുമാള്‍ നടത്തുന്ന കണയന്നൂര്‍ തഹസില്‍ദാറിനാണ് റീസര്‍വേ നടത്താനുള്ള നിര്‍ദേശം ലഭിച്ചിരുന്നത്.

കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്റെ ഭൂമി കൈയേറി ലുലുമാള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് റിസര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കിയത്.

ലുലു മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തും കൊച്ചി മെട്രോയ്ക്കായി ഇടപ്പള്ളിയില്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തും റീസര്‍വേ നടത്താനായിരുന്നു നിര്‍ദേശം. കൊച്ചി മെട്രോയുടെ ഭാഗമായ ഇടപ്പള്ളി കനാല്‍ ലുലുമാള്‍ കയ്യേറിയെന്ന് കാണിച്ച് കെഎംആര്‍എല്‍ നല്‍കിയ പരാതിയിലാണ് നടപടി.

അതേസമയം ചട്ടങ്ങള്‍ പാലിച്ചാണ് ലുലുമാള്‍  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് കളമശ്ശേരി നഗരസഭയുടെ നിലപാട്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍ ഒന്നാണ് ഇടപ്പള്ളി.

ഇടപ്പള്ളി തോടിന്റെ കര ലുലു കയ്യേറിയെന്നാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നത്. രേഖകളില്‍ 40 മീറ്റര്‍ ഉണ്ടായിരുന്ന തോടിന്റെ വീതി ഇപ്പോള്‍ 15 മീറ്റര്‍ മാത്രമാണ്. മെട്രോ പദ്ധതിയെ ബാധിക്കുന്ന തരത്തില്‍ കയ്യേറ്റം നടന്നിട്ടുണ്ടെങ്കില്‍ അത് ഒഴിപ്പിക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.

മെട്രോ പദ്ധതി സ്ഥലം ലുലുമാള്‍ കയ്യേറിയെന്ന് കാണിച്ച് കെ.എം.ആര്‍.എല്‍ കൊച്ചി കോര്‍പ്പറേഷനും കളമശ്ശേരി നഗരസഭയ്ക്കും പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മെയിലാണ് കെ.എം.ആര്‍.എല്‍ പരാതി നല്‍കിയത്. മെട്രോ പദ്ധതി പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും കെ.എം.ആര്‍.എല്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് കെ.എം.ആര്‍.എല്‍ ആരോപണം ഉന്നയിച്ചിരുന്നു.