ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത ലുലുമാളില്‍ ചിലര്‍ നമസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ മാളിനെതിരെ വലിയ രീതിയില്‍ പ്രതിഷേധവുമായി ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പ്രതികരണവുമയി രംഗത്തെത്തിയിരിക്കുകയാണ് മാള്‍ അധികൃതര്‍.
മാളില്‍ നിയമിച്ചിരിക്കുന്നവരില്‍ 80 ശതമാനവും ഹിന്ദുക്കളാണ് എന്നായിരുന്നു മാള്‍ അധികൃതരുടെ വിശദീകരണം. തൊഴില്‍ നയത്തില്‍ മാള്‍ അധികൃതര്‍ പക്ഷപാതം കാണിക്കുകയാണെന്ന വാദം ഹിന്ദുത്വ വാദികള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാള്‍ അധികൃതരുടെ പ്രതികരണം.
ലുലു മാളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണെന്നും മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല ലുലു ഗ്രൂപ്പെന്നും അധികൃതര്‍ വ്യക്തമാക്കി.
‘ഞങ്ങളുടെ അധികൃതര്‍ തൊഴിലാളികളെ നിയമിക്കുന്നത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ജാതിയോ മതമോ വിശ്വാസമോ അടിസ്ഥാനമാക്കിയല്ല,’ മാള്‍ അധികൃതര്‍ വ്യക്തമാക്കി.
സ്വാര്‍ത്ഥ താത്പര്യങ്ങളെ മുന്‍നിര്‍ത്തി ചിലര്‍ സ്ഥാപനത്തിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ ദുഖമുണ്ടെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കി.
മാളില്‍ അനധികൃതമായി നമസ്‌കാരം നടത്തിയവര്‍ക്കെതിരെ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിഷയത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ശനിയാഴ്ച ലുലുമാളിലെത്തി ഹനുമാന്‍ ചാലിസ ജപിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
മാളില്‍ പ്രവേശിക്കുന്നതിനിടെ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതിന് 15പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം മാള്‍ അധികൃതര്‍ പൊലീസിന് നല്‍കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം ആസൂത്രിതമാണോ എന്ന ആശങ്കകളും ഉയരുന്നുണ്ട്.
എട്ടാളുകള്‍ ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മാളില്‍ പ്രവേശിച്ചവര്‍ മാള്‍ സന്ദര്‍ശിക്കുന്നതിനോ ഷോറൂമിലേക്ക് പ്രവേശിക്കാനോ ശ്രമിക്കുന്നില്ല.
തിരക്കിട്ടുവരുന്ന ഇവര്‍ അകത്തുകയറിയ ഉടന്‍ നമസ്‌കരിക്കാന്‍ ഇടം തേടുകയാണ് ചെയ്യുന്നത്. സംഘം ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കുകയായിരുന്നു.
ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡില്‍ നമസ്‌കാരം പൂര്‍ത്തിയാക്കുന്നതും ദൃശ്യങ്ങളിലുണ്ട്(സാധാരണ ഒരു നേരത്തെ നമസ്‌കാരം പൂര്‍ത്തിയാകാന്‍ അഞ്ച് മുതല്‍ ഏഴ് മിനിട്ടുവരെ സമയം എടുക്കും). ഇവര്‍ ശരിയായ ദിശയിലല്ല നമസ്‌കരിച്ചതെന്നും വിഡിയോയില്‍ നിന്ന് വ്യക്തമാക്കുന്നു(കഅ്ബയ്ക്ക് നേരെ തിരിഞ്ഞാണ് മുസ്ലിങ്ങള്‍ നമസ്‌കരിക്കുക, ഇവര്‍ വിപരീത ദിശയിലാണ് നമസ്‌കരിച്ചിരിക്കുന്നത്).
ഈ സംഘത്തിലുള്ളവരാണ് സമൂഹ മാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ച വീഡിയോ ചിത്രീകരിച്ചതെന്നും കാണാവുന്നതാണ്. ഈ സംശയങ്ങളാണ് നമസ്‌കാര വിവാദം ആസൂത്രണമാണെന്നുള്ള നിഗമനത്തിലേക്ക് എത്താന്‍ കാരണമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.