'നിങ്ങള്‍ പ്രതിപക്ഷത്തുവന്നാല്‍ ഇതുപോലെ ബഹിഷ്‌കരിക്കരുത്, ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണന്ന് പറഞ്ഞത് വിഷമമുണ്ടാക്കി'; ലോക കേരളസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് യൂസഫലി
Kerala News
'നിങ്ങള്‍ പ്രതിപക്ഷത്തുവന്നാല്‍ ഇതുപോലെ ബഹിഷ്‌കരിക്കരുത്, ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണന്ന് പറഞ്ഞത് വിഷമമുണ്ടാക്കി'; ലോക കേരളസഭയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് യൂസഫലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th June 2022, 3:04 pm

തിരുവനന്തപുരം: പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. മൂന്നാം ലോക കേരളസഭയില്‍ സംസാരിക്കുകയായിരുന്നു യൂസഫലി.

വികസന കാര്യത്തിലും പ്രവാസികളുടെ കാര്യത്തിലും കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചായിരുന്നു. ഇന്ന് അത്തരത്തിലുള്ള ഐക്യം കാണാന്‍ സാധിക്കുന്നില്ല. ധൂര്‍ത്താണെന്നൊക്കെ പറഞ്ഞാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ഭരണപക്ഷത്തോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ പ്രതിപക്ഷത്തുവന്നാല്‍ ഇതുപോലെ ബഹിഷ്‌കരിക്കരുത് എന്നാണെന്നും യൂസഫലി പറഞ്ഞു.

‘വലിയ തുക മുടക്കി ലോക കേരളസഭ സംഘടിപ്പിക്കുന്നതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ലോക കേരള സഭ പ്രവാസികള്‍ക്കുള്ള ആദരവാണ്. പ്രവാസികള്‍ വ്യത്യസ്ത രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുടെ കൂട്ടമാണ്. അവര്‍ക്കായി എല്ലാവരും ഒന്നിക്കണം.

ഗള്‍ഫ്, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍ ലോക കേരളസഭ നടത്തണം. നേതാക്കള്‍ ഗള്‍ഫില്‍ വരുമ്പോള്‍ കൊണ്ടുനടക്കുന്നത് പ്രവാസികളാണ്. ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്ത് ആണെന്ന് പറഞ്ഞത് വിഷമമുണ്ടാക്കുന്നതാണ്. സ്വന്തമായി ടിക്കറ്റ് എടുത്ത് വരുന്നവരെ താമസിപ്പിക്കുന്നതാണോ ധൂര്‍ത്ത്,’ യൂസഫലി പറഞ്ഞു.

അതേസമയം, മൂന്നാം ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നത്ത പരിപാടികളിലും പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് മുഖ്യമന്ത്രി വിട്ടുനില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി പി. രാജീവ് വായിച്ചു. പ്രവാസി സമൂഹത്തിന്റെ പണം മാത്രമല്ല അവരുടെ പങ്കാളിത്തവും ആശയങ്ങളും എല്ലാമാണ് ലോക കേരള സഭകൊണ്ട് ലക്ഷ്യമിട്ടത്. ദീര്‍ഘകാല വികസന നയ സമീപനങ്ങളാണ് പ്രവാസികളുടെ പങ്കാളിത്തത്തോടെ നടത്തുന്നത്. പുതിയ കര്‍മ പദ്ധതികള്‍ വേണമെന്നും മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

സമഗ്രമായ കുടിയേറ്റ നിയമം വേണം. പ്രവാസികളോട് സംസ്ഥാന സര്‍ക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. തിരികെ എത്തുന്ന പ്രവാസികളുടെ ഡാറ്റാ ശേഖരണം അത്യാവശ്യമാണ്. മടങ്ങിവരുന്നവരുടെ പുനരധിവാസത്തിന് ഇത് അനിവാര്യമാണ്. 17 ലക്ഷം പ്രവാസികള്‍ കൊവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തി. ഇവരുടെ പുനരധിവാസത്തിന് നാളിതുവരെ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ സന്ദേശത്തില്‍ വ്യക്തമാക്കി.