| Thursday, 30th May 2024, 9:21 am

ഇസ്രഈലിന്റേത് വംശഹത്യയെന്ന ബ്രസീല്‍ പ്രസിഡന്റിന്റെ പരാമര്‍ശം; പ്രതിഷേധം അറിയിച്ച് ഇസ്രഈല്‍; അംബാസിഡറെ തിരിച്ചുവിളിച്ച് ബ്രസീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെക്സിക്കോ: നയതന്ത്ര തർക്കത്തെ തുടർന്ന് ഇസ്രഈലിൽ നിന്ന് അംബാസിഡറെ തിരിച്ച് വിളിച്ച് ബ്രസീൽ. ബ്രസീലിയൻ പ്രസിഡന്റ്‌ ലൂയിസ് ഇനാസിയോ ലുല ഡ സിൽവയാണ് ഇസ്രഈലിൽ നിന്ന് തങ്ങളുടെ അംബാസിഡറായ ഫെഡറികോ മേയറെ തിരിച്ച് വിളിച്ചത്. തുടർന്ന് ജനീവയിലാണ് അദ്ദേഹത്തിന് പുതിയ ചുമതല നൽകിയത്.

ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും പ്രത്യേക പ്രതിനിധിയായി അദ്ദേഹം ഇനി സേവനം അനുഷ്ഠിക്കും.

ഗസയിലെ ഇസ്രഈലിന്റെ ആക്രമണങ്ങളെ വംശഹത്യ എന്ന് ലുല വിളിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിൽ അഡോൾഫ് ഹിറ്റ്ലർ നടത്തിയ ഹോളോകോസ്റ്റുമായി അതിനെ താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഫലസ്തീൻ ജനതക്കെതിരെ നടക്കുന്നത് ലോകത്തെവിടെയും സംഭവിച്ചിട്ടില്ലെന്നും ഇതിന് സമാനമായത് ഹിറ്റ്ലർ ജൂതരോട് ചെയ്ത ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് ഇസ്രഈൽ വിദേശമന്ത്രാലയം ബ്രസീൽ അംബാസിഡറെ ജറുസലേമിലെ ഹോളോകോസ്റ്റ് മ്യൂസിയത്തിലേക്ക് വിളിച്ച് വരുത്തി പ്രതിഷേധം .അറിയിക്കുകയായിരുന്നു.

യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും പ്രതിരോധ മന്ത്രി യോവ് ഗാലാന്റിനെതിരെയും അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന് പിന്നാലെ ഇസ്രഈലും ബ്രസീലും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു.

ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ആഹ്വാനത്തെ ലുല ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവേ, അയർലാൻഡ് സ്പെയിൻ എന്നീ രാജ്യങ്ങളെയും ലുല അഭിനന്ദിച്ചു.

Content Highlight: Lula removes Brazil ambassador to Israel amid diplomatic spat

Latest Stories

We use cookies to give you the best possible experience. Learn more