| Thursday, 26th January 2023, 4:11 pm

ലോകകപ്പില്‍ പിന്തുണച്ചത് അര്‍ജന്റീനയെ; വെളപ്പെടുത്തലുമായി ബ്രസീല്‍ പ്രസഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ജയിക്കണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ. ആദ്യമായിട്ടാണ് താന്‍ ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണക്കുന്നതെന്നും അതിന് കാരണം ലയണല്‍ മെസി തന്നെയാണെന്നും ലുല പറഞ്ഞു.

‘അര്‍ജന്റീന ലോകകപ്പ് ജയിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ആദ്യമായിട്ടാണ് ലോകകപ്പില്‍ ഞാന്‍ അര്‍ജന്റീനയെ പിന്തുണക്കുന്നത്. അതിന് കാരണം ലയണല്‍ മെസി തന്നെയാണ്. ഒരു വിശ്വകിരീടമെങ്കിലും നേടാതെ മെസിക്ക് കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു.

അര്‍ജന്റീന 2022 മികച്ച രീതിയിലാണ് അവസാനിപ്പിച്ചത്. ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് മാത്രമല്ല, സാമ്പത്തികമായും അവര്‍ക്ക് മുന്നേറാന്‍ സാധിച്ചു. എന്തായാലും ഇനി അടുത്തത് ബ്രസീലിന്റെ ഊഴമാണ്. 2026 ലോകകപ്പില്‍ നടക്കുന്ന ലോകകപ്പില്‍ ബ്രസീല്‍ ചാമ്പ്യന്മാരാകും,’ ലുല ഡ സില്‍വ (ബ്രസീല്‍ പ്രസിഡിന്റ്)

അതേസമയം, ഖത്തര്‍ ലോകകപ്പ് തോല്‍വിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്ക്ക് പകരക്കാരനെ തേടിയുള്ള അന്വേഷണത്തിലാണ് ബ്രസീല്‍ ദേശീയ ടീം. ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യയോടു തോല്‍വി വഴങ്ങി ബ്രസീല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തു പോയതിനു പിന്നാലെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു.

നിരവധി പേരുകള്‍ ബ്രസീല്‍ മാനേജര്‍ സ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനം വന്നിട്ടില്ല. ക്രൊയേഷ്യക്കെതിരെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 എന്ന സ്‌കോറിനാണ് ബ്രസീല്‍ പരാജയപ്പെട്ടത്. തോല്‍വിയെ തുടര്‍ന്ന് ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു.

61കാരനായ ടിറ്റെ 2016 മുതല്‍ ബ്രസീലിന്റെ പരിശീലകനായിരുന്നു. ടിറ്റെയുടെ പരിശീലനത്തിലാണ് 2018ല്‍ കോപ്പ അമേരിക്ക കിരീടം നേടിയത്. എന്നാല്‍ 2018, 2022 ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായില്ല.

ലോകകപ്പ് മത്സരങ്ങളിലെ ടീം സെലക്ഷനിലും ക്രൊയേഷ്യക്കെതിരായ ഷൂട്ടൗട്ടില്‍ കിക്കെടുക്കാന്‍ താരങ്ങളെ തെരഞ്ഞെടുത്തതിലും ടിറ്റെക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു.

Content Highlights: Lula Da Silva backs Argentina in Qatar World Cup

Latest Stories

We use cookies to give you the best possible experience. Learn more