പണ്ട് ഒരു ട്രോഫി കൊടുക്കുന്നതില്‍ ഒതുങ്ങും, ഇന്ന് വിശിഷ്ട വ്യക്തി, അധ്യക്ഷപ്രസംഗം, ലെവല്‍ മാറി: ലുക്മാന്‍
Entertainment
പണ്ട് ഒരു ട്രോഫി കൊടുക്കുന്നതില്‍ ഒതുങ്ങും, ഇന്ന് വിശിഷ്ട വ്യക്തി, അധ്യക്ഷപ്രസംഗം, ലെവല്‍ മാറി: ലുക്മാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 1:14 pm

നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ലുക്മാന്‍ അവറാന്‍. താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍.

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് ഇത്. ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോളേജുകളില്‍ പോകുന്ന സമയത്ത് അവിടെ പ്രസംഗിക്കുന്നതിനെ കുറിച്ച് പറയുകയാണ് ലുക്മാന്‍. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘നമ്മളെ ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ പരിഗണിക്കുന്നുണ്ട്. ഇവന്‍ എന്തോ കാര്യമായി സംസാരിക്കും എന്ന ചിന്തയാണ് അവര്‍ക്ക്. മുമ്പ് അങ്ങനെയായിരുന്നില്ല.

ലുക്മാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ ട്രോഫി കൊടുക്കുന്നു എന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ കാര്യമായി അധ്യക്ഷപ്രസംഗമൊക്കെ പറയുന്നത് പോലെ വേദിയില്‍ ഇരിക്കുന്ന വിശിഷ്ട വ്യക്തികളെ എന്ന് പറയുന്ന മൂഡിലേക്ക് മാറിയിട്ടുണ്ട്,’ ലുക്മാന്‍ അവറാന്‍ പറഞ്ഞു.

തന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേര്‍ ആരാകും എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറയുന്നു.

‘ഖാലിദ് റഹ്‌മാന്‍ ഉറപ്പായും ഉണ്ടാകും. പിന്നെ മുഹ്സിന്‍ പെരാരിയുണ്ടാകും. ഇനിയും ഒരുപാട് ആളുകള്‍ ഉണ്ട്. ഞാന്‍ ഫ്രണ്ട്സിന്റെ പേര് പറഞ്ഞു തുടങ്ങിയാല്‍ പണിയാണ്. ആളുകള്‍ക്ക് പരാതി ഉണ്ടാകുന്നത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് പരാതി ഉണ്ടാകില്ല. അതിനേക്കാള്‍ അപ്പുറം ചിലരുടെ പേര് പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകും.

എന്റെ സിനിമയിലെ സൗഹൃദമാണെങ്കിലും കോളേജിലെ സൗഹൃദമാണെങ്കിലും നാട്ടിലേതാണെങ്കിലും എല്ലാം വളരെ സ്ട്രോങ്ങായി പോകുന്നതാണ്. ഒരുപാട് സൗഹൃദങ്ങളുണ്ട്. അവരില്‍ എല്ലാവരും എനിക്ക് പ്രിയപെട്ടവരാണ്,’ ലുക്മാന്‍ അവറാന്‍ പറഞ്ഞു.


Content Highlight: Lukman Talks About Promotion Programmes