തല്ലുമാലയില്‍ ഫൈറ്റിനിടയില്‍ അബദ്ധത്തില്‍ സംഭവിച്ച അപകടത്തെ പറ്റി പറയുകയാണ് ലുക്മാന്‍ അവറാന്‍. തല്ലുമാലയിലെ തിയേറ്റര്‍ ഫൈറ്റിന്റെ സമയത്ത് ടൈമിങ് തെറ്റിയതു കാരണം ചില്ലുബോട്ടില്‍ തലയുടെ പിറകുവശത്തിന് പകരം മുഖത്ത് കൊണ്ടതിനെ പറ്റിയാണ് താരം പറഞ്ഞത്. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് തല്ലുമാലയിലെ അനുഭവം ലുക്മാന്‍ പങ്കുവെച്ചത്.
‘അത് ഒരു അടിപൊളി നിമിഷമായിരുന്നു സത്യത്തില്‍. തല്ലുമാലയിലെ തിയേറ്റര്‍ ഫൈറ്റ് ആയിരുന്നു. ആ വിഷ്വല്‍സ് കണ്ടാല്‍ അറിയാം ഭയങ്കര ബുദ്ധിമുട്ടുള്ള പരിപാടിയാണ്. ഞാന്‍ ഒരാളെ ഇടിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ തലയുടെ പുറകില്‍ ഒരു ചില്ലുബോട്ടില്‍ അടിച്ചുപൊട്ടിക്കണം.
ഈ സീനെടുക്കുന്നതിനിടക്ക് ഫൈറ്ററുടെയും എന്റെയും ടൈമിങ് ഒന്ന് തെറ്റി. ഞാന്‍ ഒരാളെ ഇടിച്ചിട്ട് തിരിഞ്ഞപ്പോള്‍ ആ ചില്ലുബോട്ടില്‍ എന്റെ മുഖത്ത് കൊണ്ടു. കുറച്ചു നേരത്തേക്ക് ഷൂട്ട് ഒക്കെ നിര്‍ത്തി വെച്ചു. ആക്സിഡന്റ് സംഭവിച്ചതാണ്. മുഖത്ത് അത് അടിച്ചപ്പോള്‍ കട്ട് പറഞ്ഞു. ചില്ല് കുറെ കണ്ണിലൊക്കെ പോയി. പിന്നീട് കുറെ നേരം കഴിഞ്ഞിട്ടാണ് ഷൂട്ട് ഒക്കെ പുനരാരംഭിച്ചത്,’ ലുക്മാന്‍ പറഞ്ഞു.
അഷ്റഫ് ഹംസ സംവിധാനം സുലൈഖ മന്‍സിലാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ലുക്മാന്റെ ചിത്രം. അനാര്‍ക്കലി മരിക്കാറാണ് ചിത്രത്തില്‍ നായികയായത്. ചിത്രം മികച്ച പ്രേക്ഷക പിന്തുണയോടെ തിയറ്ററില്‍ മുന്നേറുകയാണ്. സുലൈഖ മന്‍സിലിലെ പാട്ടിലെ ലുക്മാന്റെ ഡാന്‍സും പ്രശംസ പിടിച്ച് പറ്റിയിരുന്നു.
ജാക്സണ്‍ ബസാര്‍ യൂത്ത്, കൊറോണ ജവാന്‍ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ലുക്മാന്റെ ചിത്രങ്ങള്‍. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ജാക്‌സണ്‍ ബസര്‍ യൂത്ത് മെയ് 19-നാണ് റിലീസ് ചെയ്യുന്നത്. ജാഫര്‍ ഇടുക്കി, ഫാഹിം സഫര്‍, ചിന്നു ചാന്ദ്‌നി, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിതിന്‍ സി.സി ആണ് കൊറോണ ജവാന്‍ സംവിധാനം ചെയ്യുന്നത്. ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ്, ബിറ്റോ ഡേവിസ്, ശ്രുതി ജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Content Highlight: lukman talks about an accident in the shoot of thallumaala