യുവ താരങ്ങളിൽ ഉയർന്ന് വരുന്ന നടനാണ് ലുക്മാൻ അവറാൻ. യൂത്തിനിടയിൽ വലിയ സ്വീകാര്യത നേടാൻ ലുക്മാന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ തന്റെ സിനിമ കരിയർ തുടങ്ങിയ ലുക്മാൻ ഇന്നൊരു നായക നടനായി മാറി കഴിഞ്ഞു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിലൂടെയാണ് ഒരു നടൻ എന്ന നിലയിൽ ലുക്മാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.
ശേഷം ഖാലിദ് റഹ്മാന്റെ തന്നെ തല്ലുമാല എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നേടാൻ ലുക്മാൻ കഴിഞ്ഞു. ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, അഞ്ചകള്ളകോക്കൻ എന്നീ ചിത്രങ്ങളിലെല്ലാം താരം നായകനായി എത്തി.
ഉണ്ട എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ആകാംക്ഷയിലായിരുന്നു താനെന്നും ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയിൽ തുടരാം എന്ന് ഉറപ്പിക്കുന്നത് ആ ചിത്രത്തിനു ശേഷമാണെന്നും ലുക്മാൻ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘മമ്മൂക്കയെന്ന് പറയുന്ന, നമ്മളൊക്കെ ചെറുപ്പം മുതലേ കാണുന്ന, നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മമ്മൂക്കയുടെ കൂടെ ഉള്ളൊരു കഥാപാത്രം. അതും ത്രൂ ഔട്ട് കഥാപാത്രം.
ഉണ്ടയിൽ അഭിനയിക്കുമ്പോൾ അതിന്റെ ആകാംഷയായിരുന്നു എനിക്ക്. അത് നന്നായി ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഖാലിദ് റഹ്മാനോട് സംശയങ്ങളൊക്കെ ചോദിച്ചു. ആ സമയം അങ്ങനെയാണ് കടന്ന് പോയത്.
ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്, എനിക്ക് എന്നിൽ ഒരു വിശ്വാസമുണ്ടാവുന്നതും ഒരു അഭിനേതാവ് എന്ന നിലയിൽ സിനിമയുമായി തന്നെ മുന്നോട്ട് പോവാമെന്ന് തോന്നുന്നത് പോലും ഉണ്ടക്ക് ശേഷമാണ്. എന്റെ ഉള്ളിൽ ഞാൻ ഉണ്ടാക്കിയ ഒരു ട്വിസ്റ്റ് അവിടെയാണ് സംഭവിക്കുന്നത്,’ലുക്മാൻ പറയുന്നു.
Content Highlight: Lukman Talk About Unda Movie