യുവ താരങ്ങളിൽ ഉയർന്ന് വരുന്ന നടനാണ് ലുക്മാൻ അവറാൻ. യൂത്തിനിടയിൽ വലിയ സ്വീകാര്യത നേടാൻ ലുക്മാന് കഴിഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങളിൽ തന്റെ സിനിമാ കരിയർ തുടങ്ങിയ ലുക്മാൻ ഇന്നൊരു നായക നടനായി മാറി കഴിഞ്ഞു.
തല്ലുമാല എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ലുക്മാൻ എത്തിയിരുന്നു. ചിത്രത്തിലെ ജംഷിയെന്ന കഥാപാത്രം ലുക്മാന്റെ കരിയറിൽ ഏറെ ആരാധകരുള്ള ഒരു വേഷമാണ്. ഒന്ന് പറഞ്ഞാൽ രണ്ടിന് അടിയുണ്ടാക്കുന്ന കഥാപാത്രമായിരുന്നു ജംഷി.
താൻ കോളേജിൽ പഠിക്കുമ്പോൾ അടി ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ലുക്മാൻ പറയുന്നത്. അടി കിട്ടുമ്പോൾ അത്ര സുഖം തോന്നില്ലെന്നും അതോടെയാണ് അതെല്ലാം നിന്നതെന്നും ലുക്മാൻ പറയുന്നു. അടിയെന്നാൽ കാശ് പോലെയാണ് കിട്ടിയാൽ തിരിച്ചു കൊടുക്കുമെന്നും താരം പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു താരം.
‘കോളേജിൽ പഠിക്കുമ്പോൾ അടി ഉണ്ടാക്കിയിട്ടുണ്ട്. ആ സമയത്ത് ആരാണ് അടി ഉണ്ടാക്കാത്തത്. ഇലക്ഷന്റെ ഭാഗമായിട്ടും പിന്നെ ചില റാഗിങ് പ്രശ്നങ്ങളുടെ ഭാഗമായിട്ടുമെല്ലാം ജൂനിയർ സീനിയർ അടികൾ ഒരുപാട് ഉണ്ടായിട്ടുണ്ട് കോളേജിൽ.
ഇഷ്ടം പോലെ അടി കിട്ടിയിട്ടുമുണ്ട്. അന്നത്തോടെയാണ് ശരിക്കും അടി നിർത്തിയത്. അടി കിട്ടുമ്പോൾ അത്ര സുഖമില്ല. കൊടുക്കുന്നത് പോലെയല്ല എന്നെനിക്ക് മനസിലായി. അന്ന് കോളേജിന്റെ പുറത്ത് ഒരു അടി ഉണ്ടായി. കോളേജിൽ അടിയുണ്ടാക്കുന്ന ആവേശത്തിൽ നാട്ടുകാരുടെ അടുത്ത് ചെന്നപ്പോൾ വയർ നിറച്ചങ്ങ് കിട്ടി. അതിന് ശേഷം ഞാൻ അതൊക്കെ മാറ്റി. അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ കൊടുത്തു.
അടിയെന്ന് പറഞ്ഞാൽ അതാണല്ലോ, കാശിനെ കുറിച്ച് പറയുന്ന പോലെ തന്നെയാണ്. വാങ്ങാനുള്ളതും കൊടുക്കാൻ ഉള്ളതുമാണത്. അല്ലാതെ വാങ്ങാൻ മാത്രം ഉള്ളതല്ലത്,’ ലുക്മാൻ പറയുന്നു.
Content Highlight: Lukman Talk About Fights In His Real Life