| Wednesday, 7th June 2023, 8:15 am

തന്നോട് പുറത്ത് പോവാന്‍ പറഞ്ഞില്ലേ, ഗെറ്റ് ഔട്ടിന്റെ അര്‍ത്ഥം മനസിലായില്ലേന്ന് ഖാലിദ് റഹ്‌മാന്‍ ചോദിച്ചു, മനസിലായെന്ന് പറഞ്ഞു ഞാന്‍ പോയി: ലുക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ഖാലിദ് റഹ്‌മാനെ ആദ്യമായി കണ്ട അനുഭവം പങ്കുവെക്കുകയാണ് ലുക്മാന്‍. സപ്തമ ശ്രീ തസ്‌കരയുടെ ഓഡിഷനില്‍ വെച്ചാണ് ആദ്യമായി ഖാലിദ് റഹ്‌മാനെ കണ്ടതെന്നും അന്ന് തന്നെ കണ്ടയുടനെ ഗെറ്റ് ഔട്ട് അടിച്ചെന്നും ലുക്മാന്‍ പറഞ്ഞു. പക്ഷേ അന്ന് സെലക്ട് ചെയ്തതുകൊണ്ടാണ് പുറത്ത് പോവാന്‍ പറഞ്ഞതെന്ന് പിന്നീടാണ് മനസിലായതെന്നും ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില് ലുക്മാന്‍ പറഞ്ഞു.

‘സപ്തമ ശ്രീ തസ്‌കരയുടെ ഓഡിഷനില്‍ വെച്ചാണ് ഖാലിദ് റഹ്‌മാനെ ആദ്യമായി കാണുന്നത്. ആദ്യത്തെ ദിവസം ഓഡിഷന് കേറാന്‍ പറ്റിയില്ല. രണ്ടാമത്തെ ദിവസം വീണ്ടും പോയി. 230 ആയിരുന്നു എന്റെ ടോക്കണ്‍ നമ്പര്‍. അത്രയും ആളുണ്ടായിരുന്നു. അതില്‍ നിന്നാണ് എനിക്ക് കിട്ടിയത്. അന്ന് മൂന്ന് പേര്‍ക്കായിരുന്നു കിട്ടിയത്.

ഞാന്‍ ടെന്‍ഷന്‍ അടിച്ച് അകത്തേക്ക് കേറി ചെന്നു. ഖാലിദ് റഹ്‌മാനും ബാക്കി അസിസ്റ്റന്‍സും അസോസിയേറ്റ്‌സും ഇരിക്കുന്നുണ്ട്. താന്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിട്ടില്ലേ, ഒരു സീനിയര്‍ ആര്‍ടിസ്റ്റിന്റെ കൂടെ എന്ന് ഖാലിദ് റഹ്‌മാന്‍ ചോദിച്ചു. അതേ എന്ന് ഞാന്‍ പറഞ്ഞു. ദെന്‍ യു ഗെറ്റ് ഔട്ട് എന്ന് പറഞ്ഞു. അല്ല ഞാന്‍ എന്തെങ്കിലും ചെയ്യണ്ടേ എന്ന് ചോദിച്ചു. തന്നോട് പുറത്ത് പോവാന്‍ പറഞ്ഞില്ലേ, ഗെറ്റ് ഔട്ടിന്റെ അര്‍ത്ഥം മനസിലായില്ലേ എന്ന് ചോദിച്ചു. മനസിലായി എന്ന് പറഞ്ഞു ഞാന്‍ പോയി.

എന്നെ എടുത്തു എന്നായിരുന്നു അതിന്റെ അര്‍ത്ഥം. അത് എനിക്ക് അപ്പോള്‍ മനസിലായില്ല. ഞാന്‍ പുറത്തിറങ്ങി ആകെ ടെന്‍ഷനായി. ആ ഷോട്ട് ഫിലിമില്‍ അഭിനയിക്കേണ്ടിയിരുന്നില്ല, വേണ്ടായിരുന്നു എന്നൊക്കെ തോന്നി. ഇത്ര വലിയ അബദ്ധമാണോ ഞാന്‍ ചെയ്തത് എന്ന് വിചാരിച്ചു.

അതിന് ശേഷം എന്നെ വിളിച്ചു. ലുക്കൂ ഖാലിദ് റഹ്‌മാനാണ്, നിന്നെ അന്ന് ഓഡിഷന്‍ ചെയ്തില്ലേ, ഒരു ചെറിയ പരിപാടിയുണ്ട്, ഒറ്റ ഡയലോഗേ ഉള്ളൂ, രണ്ട് ഷോട്ടേ കാണുള്ളൂ, നീ ഓക്കെയാണോ എന്ന് ചോദിച്ചു. ഞാന്‍ ഓക്കെയാണെന്ന് പറഞ്ഞു. അത് കഴിഞ്ഞ് കണ്‍ട്രോളര്‍ വിളിച്ചു,’ ലുക്മാന്‍ പറഞ്ഞു.

ജാക്സണ്‍ ബസാര്‍ യൂത്താണ് ഒടുവില്‍ പുറത്ത് വന്ന ലുക്മാന്റെ ചിത്രം. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ഫഹിം സഫര്‍, ചിന്നു ചാന്ദ്നി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Lukman shares his experience of meeting director Khalid Rahman for the first time

We use cookies to give you the best possible experience. Learn more