പ്രേക്ഷകര്‍ പറയുന്ന നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ നേരിടാന്‍ സെലിബ്രിറ്റികള്‍ തയാറാവണമെന്ന് നടന്‍ ലുക്മാന്‍. സിനിമക്കാര്‍ പ്രേക്ഷകരുടെ പൊതുമുതലുകളാണെന്നും അവരെ സെലിബ്രിറ്റികള്‍ ആക്കുന്നത് പ്രേക്ഷകരാണെന്നും അഭിപ്രായം പറയാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ലുക്മാന്‍ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘വിവാദങ്ങള്‍ ബാധിക്കുന്നത് വ്യക്തികള്‍ക്ക് അനുസരിച്ചിരിക്കും. നമ്മള്‍ അതൊക്കെ വലിയ കാര്യമാക്കിയെടുത്ത് നമ്മുടെ മനസിന്റെ ഭാരം കൂട്ടുകയാണെങ്കില്‍ അതിനനുസരിച്ച് അത് നമ്മളെ ബാധിക്കും. എന്നാല്‍ എവിടെയെങ്കിലും ഉള്ള ഒരാള്‍ എന്തെങ്കിലും പ്രതികരിച്ചു എന്ന് കരുതി അതിന് സമയം കളയുന്നില്ല എന്ന് തീരുമാനിച്ചാല്‍ നമ്മളെ അത് ഒരു വിധത്തിലും എഫക്ട് ചെയ്യില്ല. അത് നമ്മളില്‍ തട്ടാതെ പൊയ്ക്കൊള്ളും.
സിനിമ എന്നുവച്ചാല്‍ എപ്പോഴും ലൈവില്‍ നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ അതിനെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടാക്കാനും സംസാരിക്കാനും എതിര്‍പ്പുകള്‍ പറയാനും ഒക്കെ ജനങ്ങള്‍ക്ക് താല്പര്യം ആയിരിക്കും. ഒരു ആര്‍ട്ടിസ്റ്റാണെങ്കിലും മറ്റു സിനിമക്കാരാണെങ്കിലും അവരൊക്കെ പൊതുമുതലുകളാണ്. അവരെ സെലിബ്രിറ്റികള്‍ ആക്കുന്നതും സിനിമാക്കാരാക്കുന്നതുമൊക്കെ പ്രേക്ഷകരാണ്. അപ്പോള്‍ അവരെക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശങ്ങളും അവര്‍ക്കുണ്ട്.
അപ്പോള്‍ ആ ഫീല്‍ഡ് തെരഞ്ഞെടുക്കുമ്പോള്‍ നമ്മളെക്കുറിച്ച് നല്ലതും മോശവുമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. അത് നേരിടാന്‍ കൂടിയുള്ള തയാറെടുപ്പ് കൂടി നമുക്ക് വേണം. നമ്മള്‍ ഒരു സാധാരണ മനുഷ്യരാണെങ്കില്‍ അങ്ങനെ അവര്‍ സംസാരിക്കില്ല. നമ്മള്‍ ആ പ്രിവിലേജ് അനുഭവിക്കുമ്പോള്‍ ഇത്തരം സംഭവങ്ങളും നേരിടാന്‍ തയാറാകണം എന്ന് മാത്രം,’ ലുക്മാന്‍ പറഞ്ഞു.
വലിയ നായക പദവിയിലേക്ക് ഉയര്‍ന്നുവെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അതിന് ഇനിയും ഒരുപാട് സിനിമകള്‍ പിന്നിടണമെന്നും ലുക്മാന്‍ പറഞ്ഞു.
‘നായകനാവുക എന്ന് ഭയങ്കരമായി ആഗ്രഹമുണ്ടായിരുന്നു. അത് ആരോടും പറയാത്ത ആഗ്രഹമായിരുന്നു. സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം പറയുമായിരുന്നു. അപ്പോള്‍ അഭിനയിക്കാന്‍ കഴിയും, അത് നടക്കട്ടെ എന്നൊക്കെ എല്ലാവരും തിരിച്ച് പറയുമായിരുന്നു. എന്നാലും ഇപ്പോഴും ഒരു വലിയ നായക പദവിയിലേക്ക് ഉയര്‍ന്നു എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. ഇനിയും ഒരുപാട് സിനിമകള്‍ അതിന് പിന്നിടേണ്ടതായിട്ടുണ്ട്,’ ലുക്മാന്‍ പറഞ്ഞു.
Content Highlight: Lukman said that celebrities should be ready to face the good and bad comments of the audience