സിനിമയിലെത്തി ഒരുപാട് വര്‍ഷം സ്ട്രഗിള്‍ ചെയ്‌തെങ്കിലും വളരെ പെട്ടെന്നാണ് ലുക്മാന്‍ അവറാന്റെ സ്റ്റാര്‍ വാല്യു കുതിച്ചുയര്‍ന്നത്. തന്നെ പറ്റി സോഷ്യല്‍ മീഡിയയില്‍ വന്ന രസകരമായ കമന്റിന് മറുപടി പറയുകയാണ് ലുക്മാന്‍.
ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ‘മലപ്പുറത്തിന്റെ ദുല്‍ഖര്‍ സല്‍മാനാണ് ലുക്മാന്‍’ എന്ന സോഷ്യല്‍ മീഡിയ കമന്റിനെ പറ്റിയുള്ള ചോദ്യത്തിനാണ് ലുക്മാന്റെ പ്രതികരണം. ‘അത് ഞാന്‍ കണ്ടിട്ടുണ്ട്. കുറേ സ്ഥലത്ത് ഉണ്ടായിരുന്നു. ഡി.ക്യു കേള്‍ക്കണ്ട,’ ലുക്മാന്‍ പറഞ്ഞു.
‘വെന്‍ നത്തിങ് ഈസ് ഷുവര്‍, എവരിതിങ് ഈസ് പോസിബിള്‍’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചതിനെ പറ്റിയും ലുക്മാന്‍ സംസാരിച്ചു. ‘ഒന്നും സംഭവിക്കുന്നില്ലെങ്കിലും എല്ലാം നടക്കാവുന്നതാണല്ലോ. നമ്മള്‍ വിചാരിച്ചാല്‍ നടക്കാവുന്നതേയുള്ളൂ. പണ്ട് എഴുതിയ സാധനമാണ്. പണ്ട് സ്വന്തമായി എന്താണ് വെറൈറ്റി ഇടുക എന്ന് ആലോചിച്ചിട്ട് ഫേസ്ബുക്കിലിട്ടതാണ്. ഇപ്പോള്‍ അത് നടന്നുകൊണ്ടിരിക്കുന്നു,’ ലുക്മാന്‍ പറഞ്ഞു.
തന്നെ കണ്ട് നാട്ടുകാരായ ചെറുപ്പക്കാരും സിനിമയിലേക്ക് വന്നതിനെ പറ്റിയുള്ള ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെ. ‘അത് വളരെ സന്തോഷമുള്ള കാര്യമാണ്. നാട്ടുകാരനായ ഗഫൂറാണ് സുലൈഖ മന്‍സിലില്‍ കോസ്റ്റിയൂം ഡിസൈനറായത്. ഗഫൂറും യാത്ര തുടങ്ങിയിട്ട് കുറച്ച് നാളായി. പണ്ട് കാണുമ്പോള്‍ ചോദിക്കും, ലുക്കൂ, ഞാനും സിനിമയില്‍ നോക്കിയാലോ എന്നാലോചിക്കുവാ, ഗള്‍ഫിലെ പരിപാടി വിടുവാ എന്ന് പറയും. ആ അളിയാ നോക്ക് എന്ന് ഞാന്‍ പറയും.
ഗഫൂര്‍ പെട്ടെന്ന് സിനിമയിലേക്ക് വന്നതല്ല. അവന്റെ ഒരു യാത്രയുണ്ട്. അത് ഒരു സ്ട്രഗിള്‍ തന്നെയാണ്. തല്ലുമാലയിലൊക്കെ അവന്‍ അസിസ്റ്റന്റ് ആയിട്ട് ഉണ്ടായിരുന്നു. തല്ലുമാല മാത്രമല്ല, സുഡാനി ഫ്രം നൈജീരിയ മുതല്‍ അവന്‍ ഉണ്ടെന്നാണ് എന്റെ ഓര്‍മ,’ ലുക്മാന്‍ പറഞ്ഞു.
ജാക്‌സണ്‍ ബസാര്‍ യൂത്താണ് ഒടുവില്‍ പുറത്ത് വന്ന ലുക്മാന്റെ ചിത്രം. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ഫഹിം സഫര്‍, ചിന്നു ചാന്ദ്‌നി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: lukman’s reply for a comment regarding dulquer salmaan