| Thursday, 28th November 2024, 8:47 pm

'ടർക്കിഷ് തർക്കം'; അങ്ങനെയൊരു ഭീഷണിയെ കുറിച്ച് കേട്ടിട്ടില്ല, വിവാദത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെങ്കിൽ അന്വേഷിക്കണം: ലുക്മാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മതനിന്ദ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് ‘ടര്‍ക്കിഷ് തര്‍ക്കം’ എന്ന സിനിമ തിയേറ്ററുകളില്‍നിന്ന് പിൻവലിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. സിനിമ തിയേറ്ററുകളില്‍നിന്ന് പിൻവലിച്ചതോടെ ചിത്രത്തിന്റെ നിർമാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും രംഗത്ത് വന്നിരുന്നു. ഇപ്പോൾ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടർക്കിഷ് തർക്കം എന്ന ചിത്രത്തിലെ നായകന്മാരിൽ ഒരാളായ ലുക്മാൻ.

റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും സിനിമ പിൻവലിച്ചത് നിർമാതാവിൻ്റെയും സംവിധായകനെയും തീരുമാനമാകാമെന്നും ഇതിനെ കുറിച്ച് തനിക്കറിവില്ലെന്നും ലുക്മാൻ പറയുന്നു. ഉത്തരവാദിത്തപെട്ടവരിൽ നിന്ന് വിഷയത്തെ കുറിച്ച് വ്യക്തമായ ഉത്തരം തനിക്ക് ലഭിച്ചിട്ടില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി തനിക്കോ തന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ലെന്നും ലുക്മാൻ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ലുക്മാൻ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

‘ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.


അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്തപെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശ്യങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്,’ലുക്മാൻ പറയുന്നു.

പരാജയപ്പെട്ട സിനിമയെ രക്ഷിക്കാൻ മതനിന്ദ മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന ചോദ്യമായി നിരവധിയാളുകൾ മുന്നോട്ട് വന്നിരുന്നു. ഇസ്ലാമോഫോബിയയെ സിനിമാക്കാരും കച്ചവട താത്പര്യങ്ങള്‍ക്കായുള്ള ഒരു സാധ്യതയായി കാണുന്നത് ഈ നാടിന് താങ്ങാനാവില്ലെന്നായിരുന്നു മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം ഇതിനോട് പ്രതികരിച്ചത്.

സണ്ണി വെയിന്‍, ലുക്ക്മാന്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവര്‍ ഒന്നിച്ച ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം.മുസ്‌ലിം സമുദായത്തിന്റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം കഥ പറയുന്നത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ടര്‍ക്കിഷ് തര്‍ക്കം പറയുന്നത്.

Content Highlight: Lukman’s Facebook Post About Turkish Tharkkam Movie

We use cookies to give you the best possible experience. Learn more