തന്റെ ഉള്ളിൽ മാറ്റം ഉണ്ടായ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ലുക്മാൻ അവറാൻ. തന്റെ ഉള്ളിൽ മാറ്റം ഉണ്ടായെന്ന് തോന്നിയ സിനിമ ‘ഉണ്ട’ ആണെന്നും അത് കഴിഞ്ഞപ്പോഴാണ് അഭിനയിക്കാമെന്നും നടനാവാമെന്നും തോന്നിയതെന്ന് ലുക്മാൻ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ ഉള്ളിൽ എനിക്ക് മാറ്റം ഉണ്ടായെന്നു തോന്നിയ സിനിമ ഉണ്ടയാണ്. ഉണ്ട എന്ന സിനിമ ചെയ്തു കഴിഞ്ഞപ്പോഴാണ് എനിക്ക് അഭിനയിക്കാം, ആക്ടർ ആവാം എന്ന് തോന്നിയത്. അതിന്റെ തുടക്കമൊക്കെ തോന്നിയത് ഉണ്ട കഴിഞ്ഞപ്പോഴാണ്,’ ലുക്മാൻ പറഞ്ഞു.
അതുപോലെ ഏറ്റവും തയ്യാറെടുപ്പ് നടത്തിയ സിനിമ ഏതായിരുന്നു എന്ന ചോദ്യത്തിനും ലുക്മാൻ അഭിമുഖത്തിൽ മറുപടി പറഞ്ഞിരുന്നു. ‘ഓരോ സിനിമ ഡിമാൻഡ് ചെയ്യുന്ന പോലെ ആയിരിക്കുമല്ലോ ചെയ്യുക. ഞാനൊരു ഡയറക്ടർ ആർട്ടിസ്റ്റ് ആണ്. അവർ പറയുന്ന പോലെയാണ് ഞാൻ ചെയ്യുക. തല്ലുമാലക്ക് വേണ്ടി ഞാനും ടൊവി ബ്രോയും ഞങ്ങൾ എല്ലാവരും രണ്ടുമാസം മുന്നേ ഒരുമിച്ച് താമസിച്ച് വർക്ക് ഔട്ടും സിനിമയുടെ ഡാൻസ് പ്രാക്ടീസും ചെയ്തിരുന്നു.
അത് അങ്ങനെ ഒരു വൈബ് ആയിരുന്നു. റഹ്മാൻ അങ്ങനെയാണ് ചെയ്യുക. ഇപ്പോൾ ഇനി വരാനിരിക്കുന്ന റഹ്മാന്റെ ഈ ബോക്സിങ് പരിപാടിയിലും ഞാനും നെസ്‌ലെനും ഗണുവും, കാർത്തിയും അനഘ അങ്ങനെ ഒരുപാട് പേരുണ്ട്. എല്ലാവരും ഒരുമിച്ചാണ് വർക്ക് ഔട്ട് പ്രാക്ടീസ് നടക്കുന്നത്. അങ്ങനെ ഒരു വൈബ് അവൻ ക്രിയേറ്റ് ചെയ്യും. ഈ രണ്ട് സിനിമയ്ക്കും അങ്ങനെയുണ്ട്,’ ലുക്മാൻ പറയുന്നു.
ചെമ്പന്‍ വിനോദ് ജോസ് നിര്‍മിക്കുന്ന പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാനാണ് ലുക്മാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.
Content Highlight: Lukman Awaran talks about the film that changed him