ഇടിപ്പടമാണ് പക്ഷെ തല്ലുമാല പോലെയല്ല, ജീവിതത്തിൽ ആദ്യമായാണ് ഞാനിത് പഠിക്കുന്നത്: ലുക്മാൻ
Entertainment
ഇടിപ്പടമാണ് പക്ഷെ തല്ലുമാല പോലെയല്ല, ജീവിതത്തിൽ ആദ്യമായാണ് ഞാനിത് പഠിക്കുന്നത്: ലുക്മാൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 12:09 pm

ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂത്തിനിടയില്‍ വലിയ സ്വീകാര്യത നേടിയ താരമാണ് ലുക്മാന്‍ അവറാന്‍. ചെറിയ വേഷങ്ങളിലൂടെ തന്റെ സിനിമ കരിയര്‍ തുടങ്ങിയ ലുക്മാന്‍ ഇന്നൊരു നായക നടനായി മാറി കഴിഞ്ഞു.

2013ല്‍ പുറത്തിറങ്ങിയ ദയോം പന്ത്രണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയറിലെ ആദ്യത്തെ തിയേറ്റര്‍ റിലീസ് ചിത്രം. 2021ല്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഓപ്പറേഷന്‍ ജാവയില്‍ ലുക്മാന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു. തല്ലുമാലയിലെ ജംഷിയെന്ന കഥാപാത്രത്തിലൂടെയാണ് ലുക്മാന്‍ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ വിജയമായി മാറിയിരുന്നു. തന്റെ അടുത്ത ചിത്രവും ഖാലിദ് റഹ്മാനൊപ്പമാണെന്ന് ലുക്മാൻ പറയുന്നു. ബോക്സിങ് ബേസ്ഡ് ചിത്രത്തിനായി പരിശീലനം തുടങ്ങിയെന്നും
തല്ലുമാലയുടെ രണ്ടാംഭാഗത്തിൽ തീരുമാനം ഒന്നുമായിട്ടില്ലെന്നും ലുക്മാൻ പറഞ്ഞു.

‘തല്ലുമാല 2ന്റെ തീരുമാനം ഒന്നും ആയിട്ടില്ല. റഹ്മാന്റെ അടുത്ത പടം മെയിൽ തുടങ്ങും. അതൊരു ബോക്സിങ് ബേസ്ഡ് പടമാണ്. അമേച്വർ ബോക്സിങ്. അതിന്റെ പരിശീലനങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഒരു ദിവസം രണ്ടര മണിക്കൂറൊക്കെ അതിന് വേണ്ടി മാറ്റി വെക്കുന്നുണ്ട്.

ആദ്യമായിട്ടാണ് ഞാൻ ബോക്സിങ് ചെയ്യുന്നത്. എനിക്ക് മുമ്പ് പരിചയമൊന്നുമില്ല. എന്റെ ജീവിതത്തിൽ ഞാൻ ചെയ്തിട്ടില്ല. അതിന്റെ ബേസെല്ലാം പഠിക്കുന്നുണ്ട്. തല്ലുമാല പോലെയല്ല. ഇതിൽ വേറെയൊരു തരം ഇടിയാണ്.

ഞാൻ കൂടുതലൊന്നും പറയുന്നില്ല. പറഞ്ഞാൽ പിന്നെ എന്നെ അങ്ങോട്ട് കയറ്റില്ല. ഞാൻ, നസ്ലെൻ, ഗണപതി, അനഘ ഞങ്ങൾ ഒന്നിച്ചാണ് പ്രാക്ടീസ് ചെയ്യുന്നത്. ഒരു ഗാങ്ങായി മാറി ആ ഒരു വൈബ് ഇങ്ങനെ ഉണ്ടാക്കി വരണം,’ലുക്മാൻ പറയുന്നു.

Content Highlight: Lukman Awaran Talk About His Next Film With Khalidh Rahman