ചുരുങ്ങിയ സമയത്തിനുള്ളില്‍ യൂത്തിനിടയില്‍ വലിയ സ്വീകാര്യത നേടിയ താരമാണ് ലുക്മാന്‍ അവറാന്‍. ചെറിയ വേഷങ്ങളിലൂടെ തന്റെ സിനിമ കരിയര്‍ തുടങ്ങിയ ലുക്മാന്‍ ഇന്നൊരു നായക നടനായി മാറി കഴിഞ്ഞു.
2013ല്‍ പുറത്തിറങ്ങിയ ദയോം പന്ത്രണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയറിലെ ആദ്യത്തെ തിയേറ്റര്‍ റിലീസ് ചിത്രം. 2021ല്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് ഓപ്പറേഷന്‍ ജാവയില്‍ ലുക്മാന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു.
തല്ലുമാലയിലെ ജംഷിയെന്ന കഥാപാത്രത്തിലൂടെയാണ് ലുക്മാന്‍ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടത്. ചെമ്പന്‍ വിനോദ് നിര്‍മിക്കുന്ന അഞ്ചക്കള്ളക്കോക്കാനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതില്‍ വാസുദേവന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ലുക്മാനെത്തുന്നത്.
തല്ലുമാലയിലെ ജംഷിയെയും അഞ്ചക്കള്ളക്കോക്കാനിലെ കഥാപാത്രത്തെയും പരസ്പരം താരതമ്യം ചെയ്യാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. അഞ്ചക്കള്ളക്കോക്കാന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലുക്മാന്‍ അവറാന്‍.
‘ജംഷിയുമായി ഈ സിനിമയിലെ കഥാപാത്രത്തെ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ജംഷി വേറെ തന്നെയാണ്. ഇപ്പോഴും ജംഷി എന്റെ ഉള്ളിലുണ്ടോ എന്ന് ചോദിച്ചാല്‍ ആ കഥാപാത്രം എന്നും എന്റെ ഫേവറൈറ്റാണ്. ഇപ്പോഴും ഇന്‍സ്റ്റയിലും മറ്റും റീല്‍സും പരിപാടികളും കാണാറുണ്ട്.
ആളുകള്‍ ഓരോന്നായി അയച്ചു തരും. ജംഷിയെ നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാന്‍ എപ്പോഴും റഹ്‌മാനോടും (ഖാലിദ് റഹ്‌മാന്‍) മുഹ്സിനോടും (മുഹ്‌സിന്‍ പരാരി) തല്ലുമാല റ്റൂ എന്നാണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. തല്ലുമാലയുടെ അടുത്ത ഭാഗമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നും തീരുമാനമായിട്ടില്ല,’ ലുക്മാന്‍ പറഞ്ഞു.
Content Highlight: Lukman Avaran Talks About Thallumala2