| Thursday, 21st November 2024, 2:01 pm

ചെറുപ്പം മുതല്‍ക്കേ ഞാന്‍ മമ്മൂട്ടി ഫാന്‍, മോഹന്‍ലാല്‍ ഫാന്‍സുമായി തര്‍ക്കിച്ചു; പക്വത വന്നപ്പോള്‍ ഒരു കാര്യം ബോധ്യമായി: ലുക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറുപ്പം മുതല്‍ക്കേ താന്‍ മമ്മൂട്ടിയുടെ ഒരു ആരാധകനായിരുന്നുവെന്ന് പറയുകയാണ് നടന്‍ ലുക്മാന്‍ അവറാന്‍. താന്‍ പണ്ട് മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാറുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ ഫാന്‍സുമായി തര്‍ക്കിച്ചിരുന്നുവെന്നും നടന്‍ പറയുന്നു.

എന്നാല്‍ പിന്നീട് പക്വത എത്തിയപ്പോഴാണ് മോഹന്‍ലാലും മമ്മൂട്ടിയും അഭിനയത്തിന്റെ കാര്യത്തില്‍ ലെജന്‍ഡുകളാണെന്ന ബോധ്യം തനിക്ക് ഉണ്ടാകുന്നതെന്നും ലുക്മാന്‍ പറഞ്ഞു. ഒന്നോ രണ്ടോ സിനിമകളില്‍ നായകനാവുകയെന്നത് അത്ര വലിയ കാര്യമല്ലെന്നും മലയാള സിനിമയില്‍ നായക പദവി ഇത്രകാലമായി നിലനിര്‍ത്തുന്നത് മമ്മൂട്ടിയും മോഹന്‍ലാലും ലെജന്‍ഡുകള്‍ ആയത് കൊണ്ടാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ചെറുപ്പം മുതല്‍ക്കേ ഞാന്‍ മമ്മൂക്കയുടെ ഒരു ആരാധകനായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാറുണ്ടായിരുന്നു. കൂടെ ഫ്‌ളക്‌സ് വെക്കാന്‍ പോകാറുണ്ടായിരുന്നു. പിന്നെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷനില്‍ ചേരാന്‍ വേണ്ടി ഗുരുവായൂരില്‍ പോയിരുന്നു.

കോളേജുകളില്‍ പോലും ഫ്‌ളക്‌സ് വെക്കാനായി പോയിട്ടുണ്ട്. അന്ന് ഞാന്‍ മമ്മൂക്കയുടെ ഫാനാണെങ്കില്‍ ഞങ്ങളുടെ ഫ്രണ്ട്‌സില്‍ ചിലര്‍ മോഹന്‍ലാല്‍ ഫാന്‍സായിരുന്നു. അപ്പോള്‍ അവരുമായി എനിക്ക് തര്‍ക്കിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടായിരുന്നു.

പിന്നീട് വലുതായി പക്വത എത്തിയപ്പോഴാണ് ആ രണ്ട് നടന്മാരും അഭിനയത്തിന്റെ കാര്യത്തില്‍ ലെജന്‍ഡുകളാണെന്ന ബോധ്യം എനിക്ക് ഉണ്ടാകുന്നത്. ഒന്നോ രണ്ടോ സിനിമകളില്‍ നായകനാവുകയെന്നത് അത്ര വലിയ കാര്യമല്ല. ആ നായകത്തം വേരുറക്കുകയെന്ന ഒരു സംഗതിയുണ്ടല്ലോ.

അത് നേടിയെടുക്കുമ്പോഴാണ് ശരിക്കും ഒരു നായകന്‍ ആകുന്നത്. മമ്മൂക്കയും ലാലേട്ടനുമൊക്കെ അവര്‍ നിന്നിരുന്ന പൊസിഷന്‍ വര്‍ഷങ്ങളായി അങ്ങനെ ഉറപ്പിക്കുന്നുണ്ടെങ്കില്‍ അത് അത്രക്കും ലെജന്‍ഡുകള്‍ ആയതുകൊണ്ടാണ്. അല്ലാതെ മലയാള സിനിമയില്‍ നായക പദവി ഇത്രകാലം നിലനിര്‍ത്താനാകില്ല,’ ലുക്മാന്‍ പറയുന്നു.

Content Highlight: Lukman Avaran Talks About Mohanlal And Mammootty

We use cookies to give you the best possible experience. Learn more