എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഉറപ്പായും ആ സംവിധായകനുമുണ്ടാകും: ലുക്മാന്‍ അവറാന്‍
Entertainment
എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഉറപ്പായും ആ സംവിധായകനുമുണ്ടാകും: ലുക്മാന്‍ അവറാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 9:45 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലുക്മാന്‍ അവറാന്‍. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത ലുക്മാന് ഇന്ന് മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നുണ്ട്. ഖാലിദ് റഹ്‌മാന്റെ ഉണ്ട, തല്ലുമാല എന്നീ സിനിമകളിലൂടെയാണ് ലുക്മാന്‍ ഏറെ ശ്രദ്ധേയനായത്. തല്ലുമാലയിലെ ജംഷി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറുകയായിരുന്നു.

തന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ഉറപ്പായും ഉണ്ടാകുമെന്ന് പറയുകയാണ് ലുക്മാന്‍ അവറാന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ അഞ്ചക്കള്ളകോക്കാന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്‌മാന്‍ ഉറപ്പായും ഉണ്ടാകും. പിന്നെ മുഹ്സിന്‍ പെരാരിയുമുണ്ടാകും. ഇനിയും ഒരുപാട് ആളുകള്‍ ഉണ്ട്. ഞാന്‍ ഫ്രണ്ട്സിന്റെ പേര് പറഞ്ഞു തുടങ്ങിയാല്‍ പണിയാണ്.

ആളുകള്‍ക്ക് പരാതി ഉണ്ടാകുന്നത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് പരാതി ഉണ്ടാകില്ല. അതിനേക്കാള്‍ അപ്പുറം ചിലരുടെ പേര് പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകും.

എന്റെ സിനിമയിലെ സൗഹൃദമാണെങ്കിലും കോളേജിലെ സൗഹൃദമാണെങ്കിലും നാട്ടിലേതാണെങ്കിലും എല്ലാം വളരെ സ്ട്രോങ്ങായി പോകുന്നതാണ്. ഒരുപാട് സൗഹൃദങ്ങളുണ്ട്. അവരില്‍ എല്ലാവരും എനിക്ക് പ്രിയപെട്ടവരാണ്,’ ലുക്മാന്‍ അവറാന്‍ പറഞ്ഞു.

താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. സിനിമയില്‍ വസുദേവന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ലുക്മാന്‍ എത്തിയത്.

നടന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തന്റെ സാന്നിധ്യമറിയിച്ച ചെമ്പന്‍ വിനോദ് ജോസ് നിര്‍മിച്ച ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായി സിനിമാ മേഖലയിലേക്ക് കടന്നു വന്ന ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്തത്. ചെമ്പന്‍ വിനോദിന്റെ സഹോദരന്‍ കൂടെയാണ് ഉല്ലാസ്.


Content Highlight: Lukman Avaran Talks About Khalidh Rahman