| Friday, 15th March 2024, 4:53 pm

ഖാലിദ് റഹ്‌മാന്റെ സിനിമക്കായി ബോക്‌സിങ് പഠനം; തല്ലുമാല പോലെ ഇടിപ്പടമാകില്ല; കൂടുതല്‍ പറഞ്ഞാല്‍ ഹെഡ്മാസ്റ്റര്‍ അവിടെ കയറ്റില്ല: ലുക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലയുടെ അടുത്ത ഭാഗം തീരുമാനമായിട്ടില്ലെന്നും ഖാലിദ് റഹ്‌മാന്റെ മറ്റൊരു സിനിമ മെയ് മാസത്തില്‍ ഷൂട്ട് തുടങ്ങുന്നുണ്ടെന്നും ലുക്മാന്‍ അവറാന്‍. അത് ബോക്‌സിങ് ബേസ്ഡായ ഒരു സിനിമയാണെന്നും അതിന് വേണ്ടി ബോക്‌സിങ് പഠിക്കാനുള്ള പ്രാക്റ്റീസിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ ഏറ്റവും പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലുക്മാന്‍. താന്‍ ജീവിതത്തില്‍ ഇതുവരെ ബോക്‌സിങ് ചെയ്തിട്ടില്ലെന്ന് പറയുന്ന താരം തല്ലുമാലക്ക് ശേഷം വരുന്ന ഇടിപ്പടമല്ല ഈ സിനിമയെന്നും പറയുന്നു.

‘ജംഷിയുമായി അഞ്ചക്കള്ളക്കോക്കാനിലെ കഥാപാത്രത്തെ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ജംഷി വേറെ തന്നെയാണ്. ഇപ്പോഴും ജംഷി എന്റെ ഉള്ളിലുണ്ടോ എന്ന് ചോദിച്ചാല്‍ ആ കഥാപാത്രം എന്നും എന്റെ ഫേവറൈറ്റാണ്.

ഇപ്പോഴും ഇന്‍സ്റ്റയിലും മറ്റും റീല്‍സും പരിപാടികളും കാണാറുണ്ട്. ആളുകള്‍ ഓരോന്നായി അയച്ചു തരും. ജംഷിയെ നമ്മള്‍ എപ്പോഴും ഓര്‍ക്കുന്നുണ്ട്. ഞാന്‍ എപ്പോഴും റഹ്‌മാനോടും മുഹ്സിനോടും തല്ലുമാല2 എന്നാണ് ചെയ്യുന്നതെന്ന് ചോദിക്കാറുണ്ട്. തല്ലുമാലയുടെ അടുത്ത ഭാഗമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നും തീരുമാനമായിട്ടില്ല.

റഹ്‌മാന്റെ വേറെ ഒരു സിനിമ മെയ് മാസത്തില്‍ ഷൂട്ട് തുടങ്ങുന്നുണ്ട്. അത് ബോക്‌സിങ് ബേസ്ഡായ ഒരു സിനിമയാണ്. അതിന് കാര്യങ്ങളൊക്കെ പഠിക്കാന്‍ വേണ്ടി ഇപ്പോള്‍ പ്രാക്റ്റീസ് നടന്ന് കൊണ്ടിരിക്കുകയാണ്. ഒരു ദിവസം രണ്ടും രണ്ടര മണിക്കൂറുമൊക്കെ അതിന് വേണ്ടി പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. ആദ്യമായിട്ടാണ് ഞാന്‍ ബോക്‌സിങ് ചെയ്യുന്നത്.

ഞാന്‍ ജീവിതത്തില്‍ ഇതുവരെ ബോക്‌സിങ് ചെയ്തിട്ടില്ല. തല്ലുമാലക്ക് ശേഷം വീണ്ടും അങ്ങനെയുള്ള ഒരു ഇടിപ്പടമല്ല. ഇത് വേറെതരം പരിപാടിയാണ്. ഞാന്‍ കൂടുതല്‍ പറയുന്നില്ല.

പറഞ്ഞാല്‍ പിന്നെ എന്നെ അവിടെ കയറ്റില്ല. ഇത് പറഞ്ഞത് തന്നെ കൂടിപോയോ എന്ന സംശയമാണ് എനിക്ക്. കുഴപ്പമില്ല, ഹെഡ്മാസ്റ്ററെ (ഖാലിദ് റഹ്‌മാന്‍) പറഞ്ഞ് മനസിലാക്കാം,’ ലുക്മാന്‍ പറഞ്ഞു.


Content Highlight: Lukman Avaran Talks About Khalid Rahman’s Next Movie

We use cookies to give you the best possible experience. Learn more