മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ടു വ്യക്തികളാണ് ഖാലിദ് റഹ്‌മാന്‍, ലുക്മാന്‍ അവറാന്‍ എന്നിവര്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലൂടെ സംവിധായകനായ ആളാണ് ഖാലിദ് റഹ്‌മാന്‍.
നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ലുക്മാന്‍ അവറാന്‍. ഖാലിദ് റഹ്‌മാന്റെ ഉണ്ട എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാലയിലെ ലുക്മാന്റെ ജംഷി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറുകയായിരുന്നു.
ഈ വര്‍ഷം പുറത്തിറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഖാലിദ് ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു. ആ സിനിമ കണ്ട ശേഷം ഖാലിദിനോട് ഇനി അഭിനയിച്ചു കൂടെയെന്ന് ചോദിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലുക്മാന്‍ അവറാന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ അഞ്ചക്കള്ളകോക്കാന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അതുവേണ്ട. എന്തിനാണ് വെറുതെ, അവന്‍ സിനിമ ഡയറക്ട് ചെയ്യട്ടെ. അവന്‍ അഭിനയിക്കുകയൊന്നും വേണ്ട. വേണമെങ്കില്‍ വര്‍ഷത്തില്‍ വല്ലപ്പോഴും ഒന്നോ രണ്ടോ പടത്തില്‍ അഭിനയിച്ചോട്ടെ. അഭിനയത്തില്‍ കൂടുതല്‍ രസം പിടിച്ചാല്‍ ശരിയാവില്ല. ഇപ്പോള്‍ തന്നെ ഇതിന്റെ സുഖം പിടിച്ചു തുടങ്ങിയിട്ടുണ്ട്.
ഇതാണല്ലോ സുഖം, പണി കുറവാണല്ലോ എന്നാണ് പറയുന്നത്. ഡയറക്ട് ചെയ്യുമ്പോള്‍ കുറേ പണിയുണ്ടല്ലോ. അപ്പോള്‍ ഞാന്‍ പറഞ്ഞത്, നിന്റെ ഏരിയയെന്ന് പറയുമ്പോള്‍ ഡയറക്ഷനാണ് എന്നാണ്. നീ ഡയറക്ട് ചെയ്യ്, എന്നാല്‍ അല്ലേ നമുക്ക് പണിയുണ്ടാകുള്ളൂ എന്ന് പറഞ്ഞു,’ ലുക്മാന്‍ അവറാന്‍ പറയുന്നു.
ലുക്മാന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാന്‍. ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വസുദേവന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ലുക്മാന്‍ എത്തിയത്. ഈ സിനിമ കണ്ട ഖാലിദ് റഹ്‌മാന്‍ എന്താണ് പറഞ്ഞത് എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി പറഞ്ഞു.
‘ഖാലിദ് റഹ്‌മാന്‍ എന്റെ കൂടെ അഞ്ചക്കള്ളകോക്കാന്‍ കാണാന്‍ വേണ്ടി വന്നിരുന്നു. റഹ്‌മാന്‍ പടം കണ്ട് ഒരുപാട് എക്സൈറ്റഡാകുന്ന ആളല്ല. പടം കണ്ടിട്ട് രസമുണ്ടെന്ന് മാത്രം പറഞ്ഞു.
അവനില്‍ നിന്ന് നല്ല റിയാക്ഷന്‍ കിട്ടാന്‍ പ്രയാസമാണ്. പക്ഷേ അവന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്,’ ലുക്മാന്‍ അവറാന്‍ പറയുന്നു.
Content Highlight: Lukman Avaran Talks About Khalid Rahman’s Acting