മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലുക്മാന്‍ അവറാന്‍. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത ലുക്മാന് ഇന്ന് മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നുണ്ട്. ഖാലിദ് റഹ്‌മാന്റെ ഉണ്ട, തല്ലുമാല എന്നീ സിനിമകളിലൂടെയാണ് ലുക്മാന്‍ ഏറെ ശ്രദ്ധേയനായത്.
താരത്തിന്റെ കരിയര്‍ മാറുന്നത് തല്ലുമാലയിലെ ജംഷി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയായിരുന്നു. താന്‍ ആദ്യമായി അഭിനയിച്ചത് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് പറയുകയാണ് ലുക്മാന്‍. റേഡിയോ മാംഗോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അഭിനയിച്ചു തുടങ്ങുന്നത്. അന്ന് നാടകത്തില്‍ ഒരു ഭിക്ഷക്കാരനായാണ് അഭിനയിച്ചത്. ക്ലാസില്‍ ഇരിക്കാനുള്ള മടി കാരണമായിരുന്നു അഭിനയിക്കാന്‍ പോയത്. അഭിനയിക്കാനുള്ള മോഹം ഉണ്ടായിരുന്നില്ല.
ആ വര്‍ഷം അഭിനയിച്ചത് കൊണ്ട് പിന്നെ എല്ലാ തവണയും അഭിനയിക്കാന്‍ ഞാന്‍ ഉണ്ടായിരുന്നു. അവിടെ പിന്നെ ഒഡീഷന്റെ ആവശ്യം ഉണ്ടായിരുന്നില്ല. പിന്നെ ഏഴാം ക്ലാസിലുമൊക്കെ നാടകത്തില്‍ അഭിനയിച്ചു. അതുകഴിഞ്ഞ് പ്ലസ് ടുവിലും കോളേജിലുമൊക്കെ നാടകങ്ങള്‍ ചെയ്തു. അതൊക്കെ പിന്നെ അറിയാതെ സംഭവിക്കുകയായിരുന്നു,’ ലുക്മാന്‍ അവറാന്‍ പറഞ്ഞു.
അഭിമുഖത്തില്‍ ഹിറ്റ് സിനിമകളില്‍ അഭിനയിക്കുകയാണോ അതോ ലുക്മാന്‍ അഭിനയിക്കുന്നത് കൊണ്ട് ആ സിനിമകള്‍ ഹിറ്റാകുകയാണോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.
‘ഹിറ്റായ സിനിമകളെല്ലാം അവര്‍ എന്നെ ചൂസ് ചെയ്തത് കൊണ്ടാണ്. അല്ലാതെ ഞാന്‍ അവരെ ചൂസ് ചെയ്തതല്ല. അപ്പോഴും ഞാന്‍ അഭിനയിച്ച എല്ലാ പടങ്ങളും ഹിറ്റായിരുന്നില്ല. എന്നാല്‍ ഹിറ്റായ പടങ്ങളുമുണ്ട്. ഒന്നും നമ്മള്‍ തീരുമാനിക്കുന്നത് പോലെയല്ല.
ഉദാഹരണത്തിന് മഞ്ഞുമ്മല്‍ ബോയ്‌സ് നോക്കുകയാണെങ്കില്‍ അവര്‍ ഇത് ഇത്രയും വലിയ വിജയമാകുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. നേരത്തെ തീരുമാനിച്ചു ഷൂട്ട് ചെയ്തതല്ല. സിനിമയാണ് എല്ലാം തീരുമാനിക്കുന്നത്, പിന്നെ പ്രേക്ഷകരും. നമ്മള്‍ തീരുമാനിക്കുന്നത് പോലെ ഒന്നും നടക്കണമെന്നില്ല,’ ലുക്മാന്‍ അവറാന്‍ പറഞ്ഞു.
Content Highlight: Lukman Avaran Talks About His First Acting Experience In School