ലുക്മാന് അവറാന് നായകനാവുന്ന സുലേഖ മന്‍സില്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ഈ സമയത്ത് ദുല്‍ഖറിനോട് ചാറ്റ് ചെയ്തെന്നും നേരത്തെ ഒപ്പം അഭിനയിച്ച ഓര്മ പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നും ലുക്മാന് പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് കലിയില് ദുല്‍ഖറിനൊപ്പം അഭിനയിച്ചതിനെ പറ്റി ലുക്മാന് പറഞ്ഞത്.
‘സുലേഖ മന്‍സിലിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ ദുല്‍ഖര്‍ എന്നോട് ചാറ്റ് ചെയ്തിരുന്നു. ഞാന്‍ ചാറ്റ് ചെയ്തപ്പോള്‍ റിപ്ലെ ചെയ്തതാണ്. നമ്മള് തമ്മില്‍ കണ്ടിട്ടുണ്ട്, ഓര്‍മയുണ്ടോ എന്ന് ചോദിച്ചു. എപ്പോള്‍ കണ്ടു എന്ന് ദുല്‍ഖര്‍ ചോദിച്ചു. കലിയില് ഒരു സീനില്‍ ഞാനുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ ഓര്മ വന്നു.
പുള്ളി ബാങ്കില്‍ ഭയങ്കര ദേഷ്യപ്പെട്ടിരിക്കുമ്പോള്‍ ഒരാള്‍ വന്ന് ചേട്ടാ പെന്‍ തരുമോ എന്ന് ചോദിക്കുന്നുണ്ട്, പേന വാങ്ങി അടിച്ചും കടിച്ചുമൊക്കെ എഴുതാന്‍ നോക്കിയിട്ട് വേറെ പെന്നുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ദുല്‍ഖറിനെ ഇറിറ്റേറ്റ് ചെയ്യുന്ന പരിപാടിയാണ്. ആ ഒറ്റ സീനിലാണ് ഞാന്‍ വന്നത്,’ ലുക്മാന് പറഞ്ഞു.
ഈദിനാണ് സുലേഖ മന്‍സില്‍ തിയേറ്ററുകളിലെത്തുന്നത്. അനാര്‍ക്കലി മരക്കാര്‍ നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. ഭീമന്റെ വഴിക്ക് ശേഷം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുലേഖ മന്‍സില്‍.
ചെമ്പന്‍ വിനോദ് ജോസ്, ഗണപതി, ശബരീഷ് വര്‍മ്മ, മാമുക്കോയ, ജോളി ചിറയത്ത്, ദീപ തോമസ്, അദ്രി ജോ, അര്‍ച്ചന പദ്മിനി, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് ജോസ്, സുബീഷ് കണ്ണഞ്ചേരി, സമീര്‍ കാരാട്ട് എന്നിവര്‍ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് സെഞ്ച്വറി ഫിലിംസാണ്.
Content Highlight: lukman avaran talks about dulquer salmaan