| Thursday, 3rd August 2023, 10:32 pm

'വിഷ്ണു വിജയ്ക്ക് സംസ്ഥാന അവാർഡ് കിട്ടുമെന്ന് വ്യക്തിപരമായി പ്രതീക്ഷിച്ചിരുന്നു; തല്ലുമാലയെക്കുറിച്ചുള്ള ചർച്ചകളൊക്കെ രസല്ലേ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇത്തവണ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ രണ്ട് വിഭാഗങ്ങൾക്കാണ് തല്ലുമാല എന്ന ചിത്രം പുരസ്കാരം സ്വന്തമാക്കിയത്. അവാർഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയിരുന്നത്. തല്ലുമാലയയെപ്പറ്റിയും ചിത്രത്തിന് സംസ്ഥാന അവാർഡ് ലഭിച്ചതിനെപ്പറ്റിയും സംസാരിക്കുകയാണ് നടൻ ലുക്മാൻ അവറാൻ.

സംഗീത സംവിധായകൻ വിഷ്ണുവിന് അവാർഡ് കിട്ടണമെന്ന് വ്യക്തിപരമായി താൻ പ്രതീക്ഷിച്ചിരുന്നെന്ന് ലുക്മാൻ പറഞ്ഞു. തല്ലുമാലക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരിക്കുകയല്ലായിരുന്നെന്നും അവാർഡ് കിട്ടാൻ മാത്രമല്ല വർക്ക് ചെയ്യുന്നതെന്നും ലുക്മാൻ പറഞ്ഞു. മീഡിയവൺ ലൈറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തല്ലുമാലയ്ക്ക് അവാർഡ് കിട്ടിയത് ഞങ്ങൾ അങ്ങനെ ആഘോഷിച്ചിട്ടൊന്നുമില്ല. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അവാർഡിനർഹമായവരെ അഭിനന്ദിച്ചു. വലിയ രീതിയിൽ ആഘോഷങ്ങൾ ഒന്നും ഉണ്ടായില്ല. അവാർഡെന്ന അംഗീകാരം കിട്ടിയത് ഒരു വലിയ കാര്യമായിട്ടാണ് കാണുന്നത്. തല്ലുമാലക്ക് അവാർഡ് കിട്ടുമെന്ന് ഞങ്ങൾ അങ്ങനെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

സിനിമയെപ്പറ്റിയുള്ള ചർച്ചകൾ ഒക്കെ കണ്ടിരുന്നു. ചിത്രത്തിൻറെ എഡിറ്റിങ്ങിനും മ്യൂസിക്കിനും ഞങ്ങൾ അവാർഡ് പ്രതീക്ഷിച്ചിരുന്നു. വിഷ്ണു വിജയ്ക്ക് അവാര്ഡകിട്ടുമെന്ന് വ്യക്തിപരമായി ഞാൻ പ്രതീക്ഷിച്ചിരുന്നു. പിന്നെ നമുക്ക് തന്നെ അവാർഡ് കിട്ടണമെന്ന് നിർബന്ധമില്ലല്ലോ. ജൂറി ടീമിന്റെ തീരുമാനത്തെ അംഗീകരിക്കുന്നു.

ഒരു അവാർഡ് കിട്ടാൻ മാത്രമല്ലല്ലോ നമ്മൾ വർക്ക് ചെയ്യുന്നത്. അവാർഡ് കിട്ടുന്നതും ഒരു വലിയ അംഗീകാരമാണ്. പിന്നെ പടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയുള്ള ചർച്ചകളൊക്കെ രസമുള്ള കാര്യങ്ങളല്ലേ. അതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കാം,’ ലുക്മാൻ പറഞ്ഞു.

സുജയ് മോഹൻരാജ് തിരക്കഥയെഴുതി സി.സി. നിതിൻ സംവിധാനം ചെയ്യുന്ന കൊറോണ ധവാൻ ആണ് ലുക്മാന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ലുക്മാനെ കൂടാതെ ശ്രീനാഥ് ഭാസി, ജോണി ആന്റണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ ഡേവിസ്, ശ്രുതി ജയൻ, സീമ ജി.നായർ, ഉണ്ണി നായർ, സിനോജ് വർഗീസ്, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, സുനിൽ സുഗത, ശിവാജി ഗുരുവായൂർ, ജെയിംസ് ജോൺ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് 4ന് റിലീസ് ചെയ്യും.

Content Highlights: Lukman Avaran on Thallumala movie and Vishnu Vijay

We use cookies to give you the best possible experience. Learn more