താൻ ശ്രീനാഥ് ഭാസിയെ പിന്തുണക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെപ്പറ്റി പ്രതികരിക്കുകയാണ് ലുക്മാൻ. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന മുഴുവനായിട്ടല്ല പ്രചരിക്കുന്നതെന്ന് ലുക്മാൻ പറഞ്ഞു. അഭ്യൂഹങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള അനുഭവം ശ്രീനാഥിൽ നിന്നും തനിക്കുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.
‘ഞാൻ പറഞ്ഞതിന്റെ പൂർണ രൂപം ആ വീഡിയോ കണ്ടാൽ മാത്രമാണ് അറിയാൻ സാധിക്കൂ. അതുകൊണ്ടുതന്നെ, ആളുകൾ അത് ആഘോഷിക്കുന്നതുകൊണ്ട് എനിക്ക് കുഴപ്പമില്ല. ഭാസിയെ ഒരു സുഹൃത്തെന്ന നിലയിൽ എനിക്കറിയാം. ഞങ്ങൾ കെ.എൽ. ടെൻ, കൊറോണ ജവാൻ എന്നീ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി അഭ്യൂഹങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള അനുഭവങ്ങളും ശ്രീനാഥിൽ നിന്നും ഉണ്ടായിട്ടില്ല. ഞങ്ങളുടെ സിനിമയിൽ അത്തരത്തിലുള്ള ഒരു പെരുമാറ്റങ്ങളും ഉണ്ടായിട്ടില്ല. അപ്പുറത്തെ വശം എനിക്കറിയില്ല. പറഞ്ഞവരോട് സംസാരിച്ചാലേ അറിയൂ,’ ലുക്മാൻ പറഞ്ഞു.
സിനിമയെക്കുറിച്ചുള്ള അഭ്യൂഹമായതുകൊണ്ടാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട അനാവശ്യ വാർത്തകൾ പ്രചരിക്കുന്നതെന്ന് ലുക്മാൻ പറഞ്ഞു. പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹമുള്ളവരാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘സമൂഹത്തിൽ മൊത്തമായുള്ള കാര്യങ്ങൾ സിനിമയെക്കുറിച്ചുള്ള അഭ്യൂഹമായതുകൊണ്ടാണ് ഇത്രയും പൊലിപ്പിച്ചു കാണുന്നത്. സാമൂഹ്യ മാധ്യമങ്ങൾ വഴി കൂടുതൽ ശ്രദ്ധ കിട്ടാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ട്. അവരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളാണ് ലഹരി ഉപയോഗവും കൊലപാതകങ്ങളും. അതൊക്കെ സിനിമയിൽ ചിത്രീകരിക്കും. എന്നുകരുതി അഭിനേതാക്കളൊക്കെ ലഹരി ഉപയോഗിക്കുന്നവരാണെന്ന് പറയാൻ പറ്റില്ല,’ ലുക്മാൻ പറഞ്ഞു.
Content Highlights: Lukman Avaran on Sreenath Bhasi