തല്ലുമാലയിലെ പ്രകടനം ലുക്മാന്‍ എന്ന നടന് മലയാള സിനിമയില്‍ നല്‍കിയ സ്ഥാനം ചെറുതല്ല. ചിത്രത്തിലുടനീളം ജിംഷി എന്ന കഥാപാത്രം നിറഞ്ഞു നില്‍ക്കുകയായിരുന്നു. തല്ലുമാലയിലെ പ്രകടനം കണ്ടിട്ട് തന്നെ മമ്മൂട്ടി അഭിനന്ദിച്ചിട്ടുണ്ടെന്ന് പറയുകയാണ് ലുക്മാന്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഉണ്ട എന്ന ചിത്രം കഴിഞ്ഞ് എനിക്ക് നല്ല ഹാല്‍ ആയിരുന്നു. സുഡാനി ഫ്രം നൈജീരിയ കഴിഞ്ഞ് റഹ്മാനിക്ക (ഖാലിദ് റഹ്മാന്‍) എന്നെ കാണുമ്പോള്‍ സന്തോഷമൊക്കെ പ്രകടിപ്പിക്കാറുണ്ട്. സുഡാനി കഴിഞ്ഞ് ഞങ്ങള്‍ എല്ലാവരും ഷൈജു ഇക്കയുടെ (ഷൈജു ഖാലിദ്) ഫ്ളാറ്റില്‍ കൂടി. അവിടെ വച്ച് റഹ്മാന്‍ ഇക്ക എന്നോട് സംസാരിച്ചു. നമ്മളൊരു പരിപാടി ചെയ്യുന്നുണ്ട്. ഉണ്ട എന്നാണ് പടത്തിന്റെ പേര്. അതിലെ ഒരു നായകന്‍ നീയാണ്. എനിക്ക് വളരെ സന്തോഷമായി. കാരണം മമ്മൂക്ക ഉണ്ട് പടത്തില്‍, പിന്നെ ഞാന്‍ അതിലെ ഒരു നായകന്‍ ആണെന്ന് കൂടി പറഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു. കഥാപാത്രത്തെ നന്നാക്കാന്‍ എന്നെ വേണേല്‍ തല്ലിക്കൊ എന്നെക്കൊണ്ട് ഇതൊന്ന് ചെയ്യിപ്പിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു,’ ലുക്മാന്‍ പറഞ്ഞു.
ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ പറ്റിയെന്നും കൂടുതല്‍ നേരം അദ്ദേഹത്തിന്റെ കൂടെ ചിലവിടാന്‍ പറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഉണ്ട എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ പറ്റി. കൂടാതെ കാട്ടില്‍ ആയിരുന്നതുകൊണ്ട് കുറെ ദിവസം അദ്ദേഹത്തോട് സംസാരിക്കാനും പറ്റി. മമ്മൂക്കയുടെ കൂടെയാണ് അഭിനയിക്കുന്നത്, തുടക്കത്തില്‍ തന്നെ അങ്ങനെയൊരു ചാന്‍സ് കിട്ടിയത് വലിയൊരു കാര്യമാണ്. തല്ലുമാല കണ്ടിട് മമ്മൂക്ക മെസേജ് അയച്ചിരുന്നു. ‘കണ്ടു… പൊളിച്ചടുക്കി’ ന്നാണ് അദ്ദേഹം മെസേജില്‍ കുറിച്ചത്,’ ലുക്മാന്‍ പറഞ്ഞു.