തന്റെ പുതിയ ചിത്രമായ കൊറോണ ധവാന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ ലുക്ക്മാൻ അവറാൻ. കൊറോണ കാലത്തെ രസകരമായ സംഭവങ്ങൾ നർമ രൂപത്തിൽ അവതരിപ്പിക്കുന്ന ചിത്രമായതിനാൽ ചിത്രത്തിൻറെ വിശേഷത്തിനൊപ്പം തന്റെ കൊറോണ കാലത്തെ അനുഭവങ്ങൾ കൂടി പ്രേക്ഷകരോട് പങ്കുവെക്കുകയാണ് ലുക്ക്മാൻ.
കൊവിഡ് കാലത്ത് രാത്രിയിൽ തന്റെ സുഹൃത്തുക്കൾക്കൊപ്പം റോഡരികിൽ വെച്ച് ഗെയിം കളിക്കുമ്പോൾ പൊലീസ് പിടിച്ചിട്ടുണ്ടെന്ന് ലുക്മാൻ പറഞ്ഞു. രാത്രിയിൽ എന്താണ് പരിപാടിയെന്ന പൊലീസിന്റെ ചോദ്യത്തിന് ബ്ലാക്ക്മാനെ പിടിക്കാൻ വന്നതാണെന്ന് നുണ പറഞ്ഞെന്നും പോലീസിനെ പേടിച്ച് പിന്നോട്ട് നീങ്ങിയപ്പോൾ കുഴിയിലേക്കാണ് താൻ വീണതെന്നും ലുക്മാൻ തമാശയോടെ പറഞ്ഞു. സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൊറോണ ധവാൻ എന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്ന സീനുകൾ എല്ലാവർക്കും ഒരുപോലെ റിലേറ്റ് ചെയ്യാൻ സാധിക്കും. കാരണം മിക്ക ഇടങ്ങളിലും നടന്ന കാര്യങ്ങളൊക്കെ കോർത്തിണക്കുന്ന ചിത്രമാണിത്.
കൊറോണയുടെ സമയത്ത് ലുഡോ ഗെയിം കളി വ്യാപകമായിട്ടുണ്ടായിരുന്നു. എല്ലാവരും ഒത്തുകൂടാൻ പല അവസരങ്ങളും നോക്കും. ഞങ്ങളുടെ നാട്ടിലെ ക്ലബ്ബിന്റെ അടുത്ത് ഇരിക്കാൻ ഒരു തറ പോലുള്ള സ്ഥലം ഉണ്ട്. അവിടെ ഇരുന്നാണ് ഞങ്ങൾ ലുഡോ കളിക്കുന്നത്. രാത്രി ഒരു 10 മണിക്കൊക്കെ ശേഷമാണ് ഞങ്ങൾ കളിക്കുന്നത്. കുറച്ച് ഉള്ളിലേക്ക് കയറിയുള്ള ഇടം ആയതുകൊണ്ട് പൊലീസ് അധികം വരില്ല.
ഒരിക്കൽ ഞങ്ങൾ ഇരുന്ന് ഗെയിം കളിക്കുമ്പോൾ പൊലീസ് വന്നു. അപ്പോഴേക്കും ഞങ്ങളുടെ കൂടെയുള്ള രണ്ടുപേർ ഓടി. പക്ഷെ ഓടാൻ സ്ഥലം ഇല്ലാതിരുന്നതുകൊണ്ട് ഞാനും മറ്റൊരു സുഹൃത്തും ഓടിയില്ല. ഞങ്ങൾ ഓടാതെ നിന്നിട്ട് കാര്യം പൊലീസുകാരോട് പറയാമെന്ന് കരുതി.
അന്ന് ബ്ലാക്ക് മാൻ ഒക്കെ ഉണ്ടായിരുന്ന കാലമാണ്. ബ്ലാക്ക്മാനെ പിടിക്കാൻ വന്നതാണെന്ന് പറയാൻ ഞങ്ങൾ തീരുമാനിച്ചു. എന്താടാ ഇവിടെ പരിപാടി എന്ന് പൊലീസുകാർ തിരക്കിയപ്പോൾ ഞാൻ പറഞ്ഞു ബ്ലാക്ക്മാനെ പിടിക്കാൻ വന്നതാണെന്ന്.
അപ്പോൾ തന്നെ കൂടെയുള്ളവന് കിട്ടി രണ്ടടി. ഞാൻ എന്നെ അടിക്കല്ലേ എന്ന് പറഞ്ഞ് പിന്നിലേക്ക് മാറി. തൊട്ടുപിറകിൽ കുഴിയുള്ളത് ഞാൻ മറന്നു. അടിക്കല്ലേ സാറേ എന്ന് പറഞ്ഞ് ഞാൻ ആ കുഴിയിലേക്ക് വീണു. അപ്പോൾ തന്നെ പൊലീസ് വന്ന് പറഞ്ഞു എണീറ്റ് പോടാ വീട്ടിലേക്കെന്ന്.
ഇ പടത്തിൽ അതുപോലുള്ള ധാരാളം സീനുകൾ ഉണ്ട്. ചില സീനുകൾ പറയുമ്പോൾ തന്നെ നമുക്ക് നല്ല പരിചയമുള്ള രംഗങ്ങൾ ആണല്ലോ എന്ന് തോന്നും. അതുകൊണ്ട് കയ്യിൽ നിന്നിട്ട് നന്നായി ചെയ്യാൻ പറ്റി,’ ലുക്ക്മാൻ പറഞ്ഞു.