| Sunday, 14th May 2023, 1:21 pm

'കലാമണ്ഡലത്തില്‍ ചേരണമെന്നുണ്ടായിരുന്നു; അന്ന് കലാമണ്ഡലം ലുക്മാനെയാണ് നഷ്ടമായത്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പിന്തുണയോടുകൂടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സുലൈഖ മന്‍സില്‍. അഷ്റഫ് ഹംസ സംവിധാനം ചെയ്ത് ലുക്മാന്‍ അവറാന്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളില്‍ എത്തിയത്. ചിത്രത്തിലെ എത്രനാള്‍ കാത്തിരുന്നു എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. സലീം കോടത്തൂരിന്റെ പഴയ ആല്‍ബം സോങ്ങ് റീമേക്ക് ചെയ്താണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. പാട്ടിലെ ലുക്മാന്റെ ഡാന്‍സും പ്രശംസ പിടിച്ച് പറ്റിയിരുന്നു.

കോളേജ് ട്രൂപ്പില്‍ ആളില്ലാത്തപ്പോള്‍ നിര്‍ബന്ധിച്ച് വലിച്ച് കൊണ്ടുപോയി നിര്‍ത്തിയതല്ലാതെ ഡാന്‍സായിട്ട് ഒരു ബന്ധവും തനിക്കില്ലെന്ന് പറയുകയാണ് ലുക്മാന്‍. സിനിമയിലെ ഡാന്‍സ് കൊറിയോഗ്രഫി ചെയ്തിട്ടുള്ളത് പഴയ വൈറല്‍ വീഡിയോയിലെ റഫറന്‍സ് വെച്ചിട്ടാണെന്നും താരം ഡൂള്‍ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പോകണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് (ചിരിക്കുന്നു). കോളേജില്‍ പഠിക്കുമ്പോള്‍ ട്രൂപ്പില്‍ ആളില്ലാത്തതുകൊണ്ട് എന്നെ നിര്‍ബന്ധിച്ച് കൈപിടിച്ച് വലിച്ച് കൊണ്ടുപോയി നിര്‍ത്തിയതല്ലാതെ ഡാന്‍സില്‍ പരിജയമില്ല.

സുലൈഖയില്‍ നമുക്ക് ഒരു റഫറന്‍സ് ഉണ്ടായിരുന്നു. അനസ് എന്നു പറഞ്ഞ ഒരാളുടെ വീഡിയോ മുമ്പ് ഇറങ്ങിയിട്ടുണ്ടായിരുന്നു. പേര് എനിക്ക് കൃത്യമായി ഓര്‍മയില്ല. ഇപ്പോഴാണ് പേര് അറിയുന്നത്, അന്നൊന്നും പേര് അറിയില്ല. ഫോണില്‍ വന്നിരുന്ന ഒരു വീഡിയോ ആയിരുന്നു. അത് കണ്ടിട്ട് ഡയറക്ടര്‍ അഷ്റഫിക്ക സിനിമയുടെ അവസാനം ഇങ്ങനെ ഒരു പരിപാടി ചെയ്യാം എന്നു പറഞ്ഞു. ആ ഡാന്‍സ് റഫറന്‍സ് വെച്ചിട്ട് ജിഷ്ണു ആണ് അതിന്റെ കൊറിയോഗ്രഫി ചെയ്തത്.

എന്തായാലും കലാമണ്ഡലം ലുക്മാനെയാണ് നഷ്ടമായത്. ഇനി ഇപ്പോള്‍ എന്റെ ഡാന്‍സ് കണ്ടിട്ട് വിളിക്കുമായിരിക്കും,’ ലുക്മാന്‍ പറഞ്ഞു.

ജാക്സണ്‍ ബസാര്‍ യൂത്ത്, കൊറോണ ജവാന്‍ എന്നിവയാണ് ഉടന്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന ലുക്മാന്റെ ചിത്രങ്ങള്‍. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 19- നാണ് റിലീസ് ചെയ്യുന്നത്. ജാഫര്‍ ഇടുക്കി, ഫാഹിം സഫര്‍, ചിന്നു ചാന്ദ്‌നി, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിതിന്‍ സി.സിയാണ് കൊറോണ ജവാന്‍ സംവിധാനം ചെയ്യുന്നത്. ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ്, ബിറ്റോ ഡേവിസ്, ശ്രുതി ജയന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: lukman avaran funny comments about his dance

We use cookies to give you the best possible experience. Learn more