അതൊരു പ്രൊമോഷനായിരുന്നു, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു; വീഡിയോയുമായി ലുക്മാനും സണ്ണി വെയ്‌നും
Film News
അതൊരു പ്രൊമോഷനായിരുന്നു, ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു; വീഡിയോയുമായി ലുക്മാനും സണ്ണി വെയ്‌നും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th September 2023, 12:45 pm

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ തര്‍ക്കത്തിന്റെ കാരണം പറഞ്ഞ് സണ്ണി വെയ്‌നും ലുക്മാന്‍ അവറാനും. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടര്‍ക്കിഷ് തര്‍ക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തര്‍ക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്നും ലുക്മാനും പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

ചിത്രത്തിന്റെ ടൈറ്റില്‍ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. ഈ തര്‍ക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി താരങ്ങള്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും മോഷന്‍ പോസ്റ്ററും പങ്കുവച്ചു.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാസ് സുലൈമാന്‍ ആണ്. ബിഗ് പിക്ചേഴ്സിന്റെ ബാനറില്‍ നാദിര്‍ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിര്‍ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേര്‍ന്നാണ്.

സണ്ണി വെയ്ന്‍, ലുക്മാന്‍ അവറാന്‍ എന്നിവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍, സുജിത് ശങ്കര്‍, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ് , ജയശ്രീ തുടങ്ങി അറുപത്തിഒന്നില്‍പരം ആര്‍ട്ടിസ്റ്റുകള്‍ ഒന്നിക്കുന്ന ചിത്രമാണ് ടര്‍ക്കിഷ് തര്‍ക്കം.

ടര്‍ക്കിഷ് തര്‍ക്കത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് കെട്ടിയോളാണ് എന്റെ മാലാഖ, അടിത്തട്ട്, നെയ്മര്‍ എന്നീ ചിത്രങ്ങളുടെ ചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ളയാണ്. അബ്ദുല്‍ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇഫ്തിയാണ് ടര്‍ക്കിഷ് തര്‍ക്കത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.

നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച മലയാളി കൂടിയായ ജിബിന്‍ നേതൃത്വം നല്‍കുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : സിമി ശ്രീ. വസ്ത്രാലങ്കാരം : മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിനു പി.കെ, ഡിസൈന്‍സ് ; തോട്ട് സ്റ്റേഷന്‍, ആര്‍ട്ട് മെഷീന്‍, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Lukman avaran and Sunny Wayne promotion video for Turkish Tharakam