| Saturday, 16th March 2024, 11:49 am

പെട്ടെന്നാണ് മുന്നിലിരിക്കുന്നത് മമ്മൂക്കയാണെന്ന് ഓര്‍മവരിക; കയറ്റിവെച്ച കാലൊക്കെ അതോടെ താഴും: ലുക്മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ലുക്മാൻ അവറാൻ. 2013ല്‍ പുറത്തിറങ്ങിയ ദയോം പന്ത്രണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയറിലെ ആദ്യത്തെ തിയേറ്റര്‍ റിലീസ് ചിത്രം. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ഉണ്ടയിലും ലുക്മാൻ അഭിനയിച്ചിരുന്നു. ഉണ്ടയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് താരം.

ഉണ്ടയിൽ വലിയ ഡയലോഗ് പറയുമ്പോൾ പേടി ഉണ്ടായിരുന്നോ എന്നും അതിൽ മമ്മൂക്ക സഹായിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ലുക്മാൻ അവറാൻ. ആ സീൻ തുടങ്ങുന്നതിന് മുൻപ് തന്നെ മമ്മൂട്ടി അത് എങ്ങനെ പറയണമെന്ന് പറഞ്ഞിരുന്നെന്ന് ലുക്മാൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ പേടി ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുമ്പോൾ ചെറിയ തരിപ്പാണെന്നും ലുക്മാൻ പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ആ സീൻ തുടങ്ങുന്നതിനു മുമ്പ് ഞാൻ മമ്മൂക്കയോട് ചോദിച്ചിട്ട് പോലുമില്ല. മമ്മൂക്കയ്ക്ക് അത് മനസിലായിട്ടുണ്ടാകും. മമ്മൂക്ക എന്നോട് അത് ഇങ്ങനെയൊക്കെ ചെയ്യാം ഞാൻ ഇങ്ങനെയൊക്കെ പറയുമ്പോൾ നീ ഇങ്ങനെയൊക്കെ ചെയ്തോളൂ അങ്ങനെയൊക്കെയാണ് പറഞ്ഞത്. ആ സിനിമയിലെ എല്ലാവരും ഒരു ടീം ആയിരുന്നല്ലോ.

മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ തീർച്ചയായും പേടി ഉണ്ടായിരുന്നു. മമ്മൂക്കയുടെ അടുത്ത് ചെല്ലുമ്പോൾ ചെറിയ ഒരു തരിപ്പാണ്. ആരാണത് മമ്മൂട്ടി അല്ലേ. അത് ഇടക്ക് മറന്നു പോകും. കുറെ സംസാരിക്കുമ്പോൾ അത് മറന്നു പോകും. കുറെ സംസാരിച്ച് കഴിഞ്ഞിട്ട് പെട്ടെന്നാണ് മമ്മൂക്കയാണെന്ന് ഓർമ വരിക. അതൊക്കെ മറന്ന് കാലൊക്കെ കയറ്റിവെച്ച് ഇരിക്കും, പിന്നെയാണ് അത് താഴ്ത്തി വെക്കുക,’ ലുക്മാൻ അവറാൻ പറഞ്ഞു.

ചെമ്പന്‍ വിനോദ് ജോസ് നിര്‍മിക്കുന്ന പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാനാണ് ലുക്മാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.

Content Highlight: Lukman avaran about Mammootty

We use cookies to give you the best possible experience. Learn more