| Wednesday, 27th March 2024, 3:09 pm

പണ്ട് ആളുകൾ ചായക്കടയിൽ പറഞ്ഞത് ഇപ്പോൾ മൊബൈലിൽ ആയി അത്രയേ ഉള്ളു: ലുക്മാൻ അവറാൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയുടെ റിവ്യൂ പറയുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ലുക്മാൻ അവറാൻ. തന്റെ ഭാഗ്യത്തിന് തന്നെ ഇത് വരെ റിവ്യൂ പറഞ്ഞ് കീറി മുറിച്ചിട്ടില്ലെന്നും ഇനി മുറിക്കേണ്ടെന്നും ലുക്മാൻ പറഞ്ഞു. ആളുകൾ റിവ്യൂ ചെയ്യുന്നതിനെ തനിക്ക് ഒന്നും പറയാൻ പറ്റില്ലെന്നും ഒന്നുകിൽ അത് കാണാതെ ഇരിക്കുകയെന്നും ലുക്മാൻ കൂട്ടിച്ചേർത്തു.

പണ്ടും ആളുകൾ റിവ്യൂ ചായ കടയിൽ നിന്നും കൂട്ടുകാർക്കിടയിൽ ഇരുന്നും പറഞ്ഞിരുന്നെന്നും ഇന്ന് അത് ഫോണിൽ ആയെന്നും ലുക്മാൻ പറയുന്നുണ്ട്. ആളുകൾ അവർക്ക് പറയാനുള്ളത് പറയട്ടെ എന്നും തങ്ങൾക്ക് വേണമെങ്കിൽ വേണ്ടത് എടുക്കുക ബാക്കി ഒഴിവാക്കുകയെന്നും ലുക്മാൻ പറയുന്നുണ്ട്. തന്റെ പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാന്റെ വിശേഷങ്ങൾ റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു താരം.

‘എന്റെ എന്തോ ഒരു ഭാഗ്യത്തിന് എന്നെ ഇതുവരെ അങ്ങനെ കീറിമുറിച്ചിട്ടില്ല. ഇനി മുറിക്കേണ്ട. ഇവനെ ഇത് വരെ കീറി മുറിച്ചിട്ടില്ലേ, എന്നാൽ ശരിയാക്കിത്തരാം എന്ന് പറയും. ഇപ്പോൾ റിവ്യൂ ചെയ്യുന്നതിനെ ഒന്നും പറയാൻ പറ്റില്ല. ഒന്നുകിൽ അത് കാണാതിരിക്കുക. ഇത് എന്തായാലും ആളുകൾ പറയും, പണ്ടും ആളുകൾ പറഞ്ഞിരുന്നു.

പണ്ട് ചായക്കടയിലും ഫ്രണ്ട്‌സ് സർക്കിളിലും ഇരുന്ന് പറഞ്ഞത് ഇപ്പോൾ മൊബൈലിൽ ആയി. യൂട്യൂബിലായി എന്ന് മാത്രം. അവരത് പറയും. അവരത് പറഞ്ഞോട്ടെ, നമ്മള് എടുക്കേണ്ടത് എടുക്കുക, ബാക്കി എടുക്കാതിരിക്കുക,’ ലുക്മാൻ അവറാൻ പറഞ്ഞു.

ചെമ്പന്‍ വിനോദ് ജോസ് നിർമിച്ച അഞ്ചക്കള്ളക്കോക്കാനാണ് ലുക്മാന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിരുന്നു. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.

Content Highlight: Lukman avaran about film review

We use cookies to give you the best possible experience. Learn more