മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ലുക്മാൻ അവറാൻ. ക്യാരക്ടർ റോളിലൂടെ പ്രധാന നടന്മാരിൽ ഒരാളായി മാറിയ നടനാണ് ലുക്മാൻ. 2013ല്‍ പുറത്തിറങ്ങിയ ദയോം പന്ത്രണ്ടും എന്ന സിനിമയായിരുന്നു താരത്തിന്റെ കരിയറിലെ ആദ്യത്തെ തിയേറ്റര്‍ റിലീസ് ചിത്രം. മമ്മൂട്ടി പ്രധാന കഥാപാത്രത്തിൽ എത്തിയ ഉണ്ടയിലും ലുക്മാൻ അഭിനയിച്ചിരുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയിലൂടെ ലുക്മാൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. അതിന് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത സുലൈഖ മൻസിലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ലുക്മാൻ ആയിരുന്നു. ചിത്രത്തിലെ ഹലായുടെ അടുത്ത് ചായയിൽ പൊതീന കൂടെ ഇട്ടാൽ റാഹത്തായി എന്ന സീനിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
ആ സീൻ ചെയ്യുമ്പോൾ ക്രിഞ്ചാവുമോ എന്നാലോചിച്ചാണ് അത് ചെയ്തതെന്നും ലുക്മാൻ പറഞ്ഞു. ചെമ്പൻ വിനോദാണ് തന്നോട് ഒരു പൊതീന കൂടെ ഇട്ടാൽ റാഹത്തായി എന്ന് പറയാൻ പറഞ്ഞതെന്നും ലുക്മാൻ കൂട്ടിച്ചേർത്തു. ക്ലബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘സംഭവം ക്രിഞ്ചാവുമോ എന്നാലോചിച്ചാണ് ആ സീൻ ചെയ്യുന്നത്. ആ സീൻ ചെയ്യുമ്പോൾ എല്ലാരും ഉണ്ട്. ഡയറക്ടർ അഷ്റഫ്ക്കയുണ്ട്. ചെമ്പൻ ചേട്ടൻ ഉണ്ട്. ചെമ്പൻ ചേട്ടനാണ് ഒരു പൊതീന കൂടെ ഇട്ടാൽ റാഹത്തായി എന്ന് പറയാൻ പറഞ്ഞത്. അങ്ങനെയും കൂടെ പറഞ്ഞോ ഏതായാലും ക്രിഞ്ചായി കുറച്ചുകൂടി ക്രിഞ്ചായിക്കോട്ടെ, അതൊക്കെ ആൾക്കാർക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞു. ഭാഗ്യം കൊണ്ടത് അത് വർക്കായി,’ ലുക്മാൻ പറഞ്ഞു.
ചെമ്പന്‍ വിനോദ് ജോസ് നിര്‍മിക്കുന്ന പുതിയ ചിത്രമായ അഞ്ചക്കള്ളക്കോക്കാനാണ് ലുക്മാന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ചെമ്പന്‍ വിനോദ്, ലുക്മാന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ സഹോദരനായ ഉല്ലാസ് ചെമ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനേതാവായാണ് ഉല്ലാസ് സിനിമാ രംഗത്തെത്തുന്നത്.
Content Highlight: Lukman about a dialogue in sulaikha manzil